hen

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ നടപ്പാക്കുന്ന കൂടും കോഴിയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 31ന് രാവിലെ 10.30 ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
മന്ത്രി ജെ. ചിഞ്ചുറാണി ഒാൺലൈനായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. കോഴിയും കൂടും വിതരണ ഉദ്ഘാടനം കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. കെപ്‌കോ ചെയർമാൻ പി. കെ. മൂർത്തി മുഖ്യപ്രഭാഷണം നടത്തും.
ബ്ലോക്ക് പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് അംഗങ്ങൾക്ക് വേണ്ടിയുള്ള പദ്ധതിയാണിത്.
സംസ്ഥാനത്ത് ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പത്തനംതിട്ട ജില്ലയിൽ പറക്കോട് ബ്ലോക്കിനെയാണ് പദ്ധതിയിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിലെ ഏഴു പഞ്ചായത്തുകളിൽ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് കോഴിയും കൂടും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഓരോ പഞ്ചായത്തിൽ നിന്നും അഞ്ച് ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ലയബിലിറ്റി ഗ്രൂപ്പിലെ അംഗങ്ങളിൽ ഒരാൾക്ക് മുട്ടയിടാൻ പ്രായമായ 100 കോഴികളെയും അവയെ വളർത്താൻ കൂടും നൽകും. ഓരോ ഗുണഭോക്താവിനും 9,0000 രൂപയുടെ ആനുകൂല്യം ലഭിക്കും. വിഹിതമായി 5000 രൂപ വീതം നൽകണം.
കെപ്‌കോ നടപ്പാക്കുന്ന വനിതാ മിത്രം പദ്ധതിയും പറക്കോട് ബ്ലോക്കിൽ നടപ്പാക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കുഞ്ഞന്നാമ്മ കുഞ്ഞ്, കോർഡിനേറ്റർ ശ്രീകുമാർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, കെപ്‌കോ മാർക്കറ്റിംഗ് മാനേജർ സുകുമാരൻ നായർ ഡോ. വിഷ്ണു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.