പ്രമാടം: പ്രമാടം പഞ്ചായത്തിൽ കൊവിഡ് രൂക്ഷമാകുന്നു. എല്ലാ പ്രദേശങ്ങളും കൊവിഡിന്റെ പിടിയിലാണ്. ഡി.സി.സിയുടെ പ്രവർത്തനം തുടങ്ങാത്തതിനാൽ ഒരാൾക്ക് കൊവിഡ് ബാധിച്ചാൽ വീട്ടിൽ എല്ലാവരും രോഗികളാകുന്ന സ്ഥിതിയാണ് . ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെങ്കിലും രോഗബാധിതരുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ്.

ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ് പ്രമാടം. ജില്ലാ ആസ്ഥാനത്തോട് ചേർന്നുകിടക്കുന്ന മറൂർ

വാർഡിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ. ദിവസേന പത്തിൽ കൂടുതൽ രോഗികളാണ് ഈ വാർഡിൽ നിന്നുമാത്രം ഉണ്ടാകുന്നത്. രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിലെ ഒരാളെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ വീട്ടിലെ മറ്റുള്ളവരെയും ക്വാറന്റൈനിലാക്കും. അതിനാൽ കുറഞ്ഞ കണക്ക് മാത്രമാണ് പുറത്തുവരുന്നത്.