കലഞ്ഞൂർ: കലഞ്ഞൂരിലും പരിസര പ്രദേശങ്ങളിലും പൊതുജനങ്ങൾക്ക് നിരത്തിലിറങ്ങാനാകാത്ത വിധം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികളുടെ പരാതി. യാത്രക്കാരിൽ ഭീതിപരത്തി റോഡുകളെല്ലാം തെരുവുനായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ തെരുവുനായ വന്ധ്യകരണം സ്തംഭിച്ചതാണ് സ്ഥിതി രൂക്ഷമാകാൻ കാരണമെന്ന ആക്ഷേപമുണ്ട്. റോഡുവക്കുകളിലെ മാലിന്യക്കൂനകൾക്ക് സമീപമാണ് തെരുവുനായ്ക്കൾ പ്രധാനമായും തമ്പടിച്ചിരിക്കുന്നത്. ഒരേ നായ തന്നെ ഒന്നിലധികം ആളുകളെ തുടർച്ചയായി ആക്രമിക്കുന്നതും വഴിയാത്രക്കാരെ കൂട്ടത്തോടെ ആക്രമിക്കുന്നതും പതിവാണ്. സ്ത്രീകളും കുട്ടികളും നിരത്തിലിറങ്ങാൻ ഭയപ്പെടുകയാണ്. ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്‌കൂൾ കുട്ടികളാണ്. രാത്രിയാകുമ്പോൾ വാഹനങ്ങളിൽ മാലിന്യങ്ങൾ വഴിയിൽ തള്ളുന്നുണ്ട്. പ്രഭാത സവാരിക്കാർ കൈയിൽ വടിയുമായാണ് നടക്കാനിറങ്ങുന്നത്. ഇരുചക്രവാഹനങ്ങളുടെ പിന്നാലെയോടി യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നതും പതിവാണ്. പകൽ സമയത്ത് ഒഴിഞ്ഞ സ്ഥലങ്ങളിൽ തങ്ങുന്ന തെരുവുനായ്ക്കൾ സന്ധ്യയാകുന്നതോടെ നിരത്തിലിറങ്ങും. തെരുവു നായ ശല്യത്തിനെതിരെ അധികൃതർ അടിയന്തര പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.