 
പന്തളം: മീൻപിടിത്തക്കാർ അച്ചൻകോവിലാറ്റിൽ ഒഴുക്കുന്നത് കൊടുംവിഷം. വേനൽക്കാലത്ത് ആശ്രയമാകേണ്ട നദിയിലെ വെള്ളം ഇതോടെ മലിനമായി. ചത്ത് ചീഞ്ഞളിഞ്ഞ മീനിന്റെ ദുർഗന്ധവും സമീപവാസികളെ വലയ്ക്കുന്നു.
അന്യസംസ്ഥാനക്കാരും ആലപ്പുഴ ജില്ലയിലെ ഇടപ്പോൺ ഭാഗത്തു നിന്നെത്തുന്നവരും ഇത്തരത്തിൽ മീൻ പിടിക്കുന്നുണ്ട്. പന്തളം, അമ്പലക്കടവ്, വള്ളിക്കോട് പ്രദേശങ്ങളിലാണ് വിഷംകലർത്തിയുള്ള മീൻപിടിത്തം. രാത്രിയിലാണ് നദിയിൽ വിഷം കലക്കുന്നത്. മയങ്ങിയും ചത്തും കിടക്കുന്ന മത്സ്യങ്ങളെ അതിരാവിലെയെത്തി ഇവർ കൊണ്ടുപോകും. വലിയ മത്സ്യങ്ങളും മത്സ്യക്കുഞ്ഞുങ്ങളും ആമയുമെല്ലാം ചാകും. ചത്തുപൊങ്ങിക്കിടക്കുന്ന വലിയ മീനുകളെ മീൻപിടിത്തക്കാർ കൊണ്ടുപോകും. ബാക്കിയുള്ളവ നദിയിൽ കിടന്ന് ചീഞ്ഞളിയും.
കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും കന്നുകാലികളെ കുളിപ്പിക്കാനും ആറ്റിലെ വെള്ളമാണ് പലരും ഉപയോഗിക്കുന്നത്. വിഷം കലർന്ന വെള്ളമായതിനാൽ ഇത് ഉപയോഗിക്കുന്നത് രോഗങ്ങൾക്ക് കാരണമാകും.
കരിമീനിന്റെ പ്രജനന കാലമായതിനാൽ ഇത്തരത്തിൽ കുഞ്ഞുങ്ങൾ നശിക്കുന്നതിനാൽ കരിമീൻ വംശനാശ ഭീഷണിയിലാണ്. കരിമീനിന്റെ കുഞ്ഞുങ്ങളെ ലക്ഷങ്ങൾ മുടക്കിയാണ് ഫിഷറീസ് വകുപ്പ് വർഷം തോറും അച്ചൻകോവിലാറ്റിൽ നിക്ഷേപിക്കുന്നത്. വിഷംകലർത്തിയുള്ള മീൻ പിടിത്തം മൂലം ഇതുകൊണ്ട് പ്രയോജനമില്ലാതായി.
പരിശോധനയ്ക്ക് പിന്നാലെ
തോട്ടക്കോണത്തേക്ക് മാറി
അനധികൃത മീൻപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ ദിവസം പത്തനംതിട്ട ഫിഷറീസ് ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരും എസ്.ഐ ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പന്തളം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഇവർ പോയതിനുപിന്നാലെ മീൻ പിടിത്തക്കാർ അച്ചൻകോവിലാറിന്റെ തോട്ടക്കോണം ഭാഗത്ത് കഴിഞ്ഞ രാത്രിയിൽ വീണ്ടും വിഷം കലക്കി.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി മങ്ങാരം മുളമ്പുഴ ഭാഗങ്ങളായിരുന്നു മീൻപിടിത്തം. നാട്ടുകാർ എതിർത്തതോടെ മുളമ്പുഴ മണപ്പാട്ട് കടവിൽ രണ്ടു വള്ളങ്ങൾ കെട്ടിയിട്ട് ഇവർ മടങ്ങി. കഴിഞ്ഞ രാത്രിയിൽ വീണ്ടുമെത്തി വള്ളവും വലയും ഇവിടെ നിന്ന് തോട്ടക്കേണം ഭാഗത്തേക്ക് കൊണ്ടു പോവുകയായിരുന്നു.