29-cgnr-acci
നദിയിൽ വീണ തങ്കച്ചനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചപ്പോൾ

ചെങ്ങന്നൂർ: തലചുറ്റലുണ്ടായി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് വീണ വൃദ്ധനെ അഗ്‌നിരക്ഷാ സേന രക്ഷപെടുത്തി. കല്ലിശേരി തച്ചൻ പറമ്പിൽ തങ്കച്ചൻ (75) ആണ് പമ്പാനദിയിൽ വീണത്. ഇന്നലെ വൈകിട്ട് 3.20നാണ് സംഭവം. മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. കല്ലിശേരി പഴയ പാലത്തിലെത്തിയപ്പോൾ തങ്കച്ചന് തലചുറ്റലുണ്ടായി. പാലത്തിന്റെ കൈവരിയിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും നദിയിലേക്ക് വീഴുകയായിരുന്നു. പാലത്തിന്റെ സ്പാനിന്റെ കേഡറിൽ പിടിച്ചുനിന്ന തങ്കച്ചനെ സമീപത്ത് ഉണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ അഗ്‌നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. അംഗങ്ങളായ സുബീഷ്, ഹോംഗാർഡ് പ്രദീപ് കുമാർ എന്നിവർ റോപ്പ് ഉപയോഗിച്ച് പമ്പാ നദിയിലേക്ക് ഇറങ്ങി തങ്കച്ചനെ കരയ്‌ക്കെത്തിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾ ഇദ്ദേഹത്തെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തങ്കച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.