അടൂർ : സ്വകാര്യ ക്ളിനിക്കിൽ വന്ന ഒാട്ടോ ഡ്രൈവർ ബൈക്കിന് പിന്നിൽവച്ച് മറന്നുപോയ പണമടങ്ങിയ ബാഗ് വഴിയാത്രക്കാരൻ ഉടമയെ കണ്ടെത്തി തിരികെ നൽകി. അടൂർ പന്നിവിഴ മന്നത്തുംവിളയിൽ വീട്ടിൽ മോഹനനാണ് പണം തിരികെ നൽകിയത്. വീട്ടിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുമ്പോഴാണ് ബൈക്കിന് പിന്നിൽ ഒരു ബാഗ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആരോ മറന്നുപോയതാകാമെന്ന് കരുതി പരിശോധിച്ചപ്പോൾ ഒൻപതിനായിരം രൂപയും ആധാർ, എ. ടി. എം ഉൾപ്പെടെയുള്ള വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. ബാഗിൽ നിന്ന് ലഭിച്ച ഫോൺ നമ്പരിൽബന്ധപ്പെട്ടപ്പോഴാണ് പതിനാലാംമൈൽ സ്വദേശിയായ അജികുമാറിന്റെയാണ് ബാഗെന്ന് മനസിലായത്.. അടൂർ ആർ. ഡി. ഒ ഒാഫീസിന് മുന്നിൽ കാത്തുനിന്ന മോഹനൻ അജികുമാർ എത്തിയതോടെ ബാഗ് തിരിച്ചു നൽകി.