കോഴഞ്ചേരി: ആറൻമുള ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി പ്രശസ്തമായ അഞ്ചാം പുറപ്പാട് നടന്നു. ഗരുഡ വാഹനത്തിലേറി തെക്കേ തിരുനടയിൽ പാർത്ഥസാരഥി എഴുന്നെള്ളിയപ്പോൾ കുന്തീദേവി മക്കളോടൊത്ത് ഭഗവത് ദർശനം നടത്തി മടങ്ങിയതോടെ അഞ്ചാം പുറപ്പാട് പൂർത്തിയായി.
സ്വർണപ്രഭ, നവരത്നങ്ങൾ പതിച്ച മാലകൾ, താമരപതക്കം, സ്വർണത്തിലും വെള്ളിയിലുമുള്ള പൂക്കൾ തുടങ്ങിയ അലങ്കാരങ്ങളുമായാണ് ഗരുഡവാഹനം അഞ്ചാം പുറപ്പാടിനെത്തിയത്. അഷ്ടപദി, കുമരനെല്ലൂർ ഹരികുമാറിന്റെ മയൂരനൃത്തം, കലാപീഠം പ്രസന്ന കുമാറിന്റെ പഞ്ചവാദ്യം എന്നിവ എഴുന്നെള്ളത്തിന് കൊഴുപ്പേകി.
പള്ളിവേട്ട 31 ന് രാത്രിയിൽ നടക്കും. മകര തിരുവോണ നാളായ ഒന്നിന് വൈകിട്ട് പമ്പാ നദിയിലെ ആറാട്ടു കടവിലാണ് ആറാട്ട്. പത്തുനാൾ നീളുന്ന ഉത്സവത്തിന് ഇതോടെ സമാപനമാകും.