ചെങ്ങന്നൂർ: സംസ്ഥാനത്ത് ജാതി തിരിച്ചുള്ള സെൻസസ് എടുക്കണമെന്നു അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആർ ദേവദാസ്. ജാതികളുടെ അംഗസംഖ്യാകണക്ക് എടുക്കുകയില്ലെന്ന ശാഠ്യത്തിനു പിന്നിൽ ദുഷ്ടലാക്കു മാത്രമാണുള്ളത്. ഈ വർഷം നടത്തുന്ന സെൻസസിൽ ബീഹാറിലെ പോലെ കേരളത്തിലും സെൻസസ് രേഖയിൽ ഒരു കോളം കൂടി നൽകിയാൽ അധിക ചെലവില്ലാതെ മുഴുവൻ ജാതികളുടെയും അംഗസംഖ്യ കൃത്യമായി ലഭിക്കും. അത്തരം ഒരു കണക്കെടുപ്പിനു സർക്കാർ തയാറാകണമെന്നും സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. മെഡിക്കൽ പി.ജി തലത്തിൽ വിശ്വകർമ്മ സംവരണം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് സമരപരിപാടികൾ ചർച്ച ചെയ്യാനായി ചെങ്ങന്നൂർ ഹെഡ് ഓഫീസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി പി.വാമദേവൻ, വി.രാജപ്പൻ, വി.എ.അഫ്‌സലൻ, വി. രാജഗോപാൽ, വി.എൻ. ശശിധരൻ, കോട്ടയ്ക്കകം ജയകുമാർ, പി.കെ.തമ്പി എന്നിവർ പ്രസംഗിച്ചു.