29-fireforce
ചെങ്ങന്നൂർ രക്ഷാസേന, ട്രാഫിക്ക് പൊലീസ് സ്റ്റേഷനുകൾക്ക് പുതിയതായി നിർമ്മിച്ച ഓഫീസ് കെട്ടിട സമുച്ചയം

ചെങ്ങന്നൂർ: ഫയ‌ർഫോഴ്സിനും ട്രാഫിക് പൊലീസിനും പുതിയ കെട്ടിടം ഒരുങ്ങി. മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി രണ്ടരക്കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിട സമുച്ചയം നിർമ്മിച്ചത്. പഴയ പൊലീസ് സ്റ്റേഷൻ നിലനിന്നിരുന്ന സ്ഥലത്ത് മൂന്നു നിലകളിലായുള്ള കെട്ടിടത്തിന് 11,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്ന് സജി ചെറിയാൻ അറിയിച്ചു.
ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിനു സമീപമുള്ള നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടത്തിലാണ് 2004 മുതൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 80 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടം ജീർണാവസ്ഥയിലാണ്. ഓടു പാകിയ ഇടുങ്ങിയ കെട്ടിടം സുരക്ഷിതമല്ല. നഗരസഭ നിർമ്മിച്ചു നൽകിയ താത്കാലിക ടിൻ ഷെഡിലാണ് അഗ്‌നിശമന വാഹനങ്ങളും ഉപകരണങ്ങളും സൂക്ഷിക്കുന്നത്. ഫയർ എൻജിനുകൾക്കായി ജലം ശേഖരിക്കുന്ന ടാങ്കുകൾ പൊട്ടിയതാണ്. തകർന്ന മേൽക്കൂരയുള്ള പാചകപ്പുരയിൽ മഴക്കാലത്ത് പാചകം ബുദ്ധിമുട്ടാണ്.

സേനയ്ക്കു വിട്ടുനൽകിയ കെട്ടിടമായതിനാൽ അറ്റകുറ്റപ്പണിക്ക് നഗരസഭതയ്യാറായിരുന്നില്ല. സേനയുടെ സ്വന്തം കെട്ടിടമല്ലാത്തതിനാൽ ഫണ്ട് അനുവദിക്കാൻ നിർവ്വാഹമില്ലാത്തതിനാൽ അഗ്‌നിശമന വകുപ്പും കൈമലർത്തി. മേൽക്കുര തകർന്ന പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലാണ് ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

ചെലവ്- 2.50 കോടി

3 നിലകൾ

ഒന്നാംനില - രണ്ട് സ്റ്റോർ,​ ലൂബ്രിക്കന്റ് റൂം, ഗാരേജ്, വാച്ച്മാൻ റൂം, റിസപ്ഷൻ

രണ്ടാംനില - ഓഫീസുകൾ

മൂന്നാം നില- വിശ്രമമുറി, അടുക്കള.