ചെങ്ങന്നൂർ: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങളിലെ പ്രവൃത്തികൾ നടത്തുന്നതിൽ ജില്ല ഏറെ മുന്നിലെന്നു ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഓൺലൈൻ അവലോകന യോഗത്തിന്റെ (ദിശ) വിലയിരുത്തൽ. 115 ശതമാനം വളർച്ചയാണ് ആലപ്പുഴ നേടിയത്. 2021- 22 വർഷത്തിൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 76.53 ലക്ഷം തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. തൊഴിലുറപ്പിൽ എസ്.സി. ഫണ്ടുകൾ കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാൻ കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തുമെന്നു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ജില്ലയിലെ എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം കണ്ടെത്താനും, ഹൈടെക്ക് ക്ലാസ് മുറികൾ പണിയാനും നിർദേശിച്ചു. കെട്ടിടത്തിനുള്ള സ്ഥലം റവന്യു അധികൃതർ കണ്ടെത്തും. 2.21 കോടി രൂപ ചെലവിൽ 16 കുഴൽക്കിണറുകൾ അഞ്ചു പഞ്ചായത്തുകളിലായി സ്ഥാപിക്കും. പി.എം.ജി.എസ്.വൈ. പ്രകാരം മൂന്നു റോഡുകളുടെ ടെണ്ടറായി. മുടങ്ങി കിടക്കുന്നവയ്ക്കായി വീണ്ടും റീടെണ്ടർ വിളിക്കും. 61.37 കിലോമീറ്റർ റോഡാണ് 36.28 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നത്. മുളക്കുഴ നികരുംപുറത്ത് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിനായി സ്ഥലംവിട്ടു കിട്ടുന്നത് സംബന്ധിച്ചുള്ള നിർദേശം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടു മാവേലിക്കര കല്ലുമലയിൽ റെയിൽവേ ലൈനിന്റെ ഇരുവശത്തുമായി സ്റ്റീലിന്റെ ആർച്ച് പണിതു വിതരണ പൈപ്പുകൾ കടത്തിവിടും. ഇതിനുള്ള കത്ത് തിരുവനന്തപുരം ഡിവിഷനിൽ നിന്നും ചെന്നൈയിലേക്കു അയച്ചതായും എം.പി.അറിയിച്ചു. ഒരോ മൂന്ന് മാസം കൂടുമ്പോഴും ഇത്തരത്തിൽ യോഗം ചേർന്ന പ്രവർത്തനങ്ങൾ വിലയിരുത്തണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് യോഗം നടന്നത്. യോഗത്തിൽ എ.എം.ആരിഫ് എം.പി, എച്ച്.സലാം എം.എൽ.എ.,കളക്ടർ എ.അലക്‌സാണ്ടർ, ദിശ പ്രൊജക്ട് ഓഫീസർ പ്രദീപ്കുമാർ, തൊഴിലുറപ്പ് ജോയിന്റ് പ്രൊജക്ട് കോഓർഡിനേറ്റർ കെ.കെ. ഷൈജു എന്നിവർ പങ്കെടുത്തു. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന പരിപാടികളിൽ നിന്ന് എം.പി മാരെ ഒഴിവാക്കുന്നതായി പരാതി.കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന പരിപാടികളിൽ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എം.പി മാരെ ഒഴിവാക്കുന്നതായി എ.എം.ആരിഫ് എം.പി,കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരെ പരാതി അറിയിക്കും. ഇടത് എം.പി അയിട്ടു കൂടി എ.എം ആരിഫിനെ പോലും പരിപാടികൾ അറിയിക്കുന്നില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.