പത്തനംതിട്ട: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 75ാം രക്തസാക്ഷിത്വദിനം കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടേയും വിവിധ ഘടകങ്ങളുടേയും നേതൃത്വത്തിൽ നാളെ വിവിധ പരിപാടികളോടെ ജില്ലയിലൊട്ടാകെ ആചരിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. രാജീവ് ഭവനിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേരുന്ന ഗാന്ധി സ്മൃതി സമ്മേളനം രാവിലെ 10ന് ഗാന്ധിജിയുടെ ഛായചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം, ബൂത്ത്, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഛായാചിത്രത്തിന് മുമ്പിൽ പ്രഭാത പുഷ്പാർച്ചന, പ്രാർത്ഥനാ യോഗങ്ങൾ, അനുസ്മരണ സമ്മേളനങ്ങൾ, സേവന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. പുതുതായി രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ജീവിതവും സമരവും എന്ന വിഷയത്തെ അധികരിച്ച് പ്രശ്‌നോത്തരി, പ്രസംഗം, ചർച്ച എന്നിവയും സംഘടിപ്പിക്കും. വൈകിട്ട് 5.15 നും 5.30 നും ഇടയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലും.