ചെങ്ങന്നൂർ: കെറെയിൽ കടന്നു പോകുന്ന ചെങ്ങന്നൂരിനെ സംസ്ഥാനത്തെ പ്രധാന സമരകേന്ദ്രമാക്കി മാറ്റുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. പദ്ധതി ഉപേക്ഷിക്കുന്നതുവരെ സമരത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകില്ല. കൊവിഡ് വ്യാപനം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് റെയിൽ കടന്നു പോകുന്ന പുന്തലയിൽ നിന്നും മുളക്കുഴ വരെ നടത്താനിരുന്ന മാർച്ച് മാറ്റിവച്ചത്. കെറെയിൽ പദ്ധതിയിൽ നിന്നും സർക്കാർ സ്വമേധയാ പിന്മാറണം. അല്ലെങ്കിൽ നാണംകെട്ട് പിന്മാറേണ്ട അവസ്ഥ സംജാതമാകും. പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി എന്നിവരെ നേരിൽ കണ്ട് നിവേധനം നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.