കോന്നി: എസ്.ബി.ഐ കോന്നി ബ്രാഞ്ചിലെ ഉപഭോക്താക്കൾ ബുദ്ധിമുട്ടുന്നതായി പരാതി. പുനലൂർ- മുവാറ്റുപുഴ സംസ്ഥാനപാതയരികിൽ റിപ്പബ്ളിക്കൻ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തു പ്രവർത്തിക്കുന്ന എസ്.ബി.ഐ ബ്രാഞ്ചിൽ തിരക്ക് വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്കും റോഡിലൂടെ യാത്ര ചെയ്യുന്നവർക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മുമ്പ് കോന്നിയിൽ എസ്.ബി.ഐയുടെ രണ്ടു ബ്രാഞ്ചും എസ്.ബി.ടിയുടെ ഒരു ബ്രാഞ്ചും പ്രവർത്തിച്ചിരുന്നു. ആദ്യമുണ്ടായിരുന്ന എസ്.ബി.ഐ ബ്രാഞ്ചിൽ തിരക്ക് കൂടിയപ്പോഴാണ് പുതിയ ഒരു ബ്രാഞ്ചുകൂടി തുടങ്ങിയത്. എസ്.ബി.ഐ, എസ്.ബി.ടി ബാങ്കുകൾ ഒന്നായതോടെ ഇത് ഒരു ബ്രാഞ്ചായി മാറ്റുകയായിരുന്നു. ഇതോടെ ഇവിടെ തിരക്ക് വർദ്ധിച്ചു തുടർന്ന് മണിക്കൂറുകളോളം കാത്തു നിന്നാൽ മാത്രമേ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കു എന്ന സ്ഥിതിയായി. വയോജങ്ങളും, രോഗികളും ബാങ്കിംഗ് സേവനങ്ങൾക്കായി കാത്തു നിന്ന് ബുദ്ധിമുട്ടുന്നത് ഇവിടെ പതിവാണ്. മിക്ക ഉപഭോക്താക്കൾക്കും രാവിലെയെത്തിയാൽ ഉച്ച കഴിയുന്നതുവരെ ബാങ്കിംഗ് സേവങ്ങൾക്കായി കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. തിരക്ക് വർദ്ധിക്കുന്നതോടെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരും ഉപഭോക്താക്കളുമായും തമ്മിൽ വാക്കേറ്റവും സംഘർഷവും ഇവിടെ പതിവാണ് . ഇവിടെയെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യവുമില്ല. ബാങ്ക് ജീവനക്കാർക്ക് മാത്രമാണ് ഇവിടെ പാർക്കിംഗ് സൗകര്യവുമുള്ളത്. ഉപഭോക്താക്കളുടെ വാഹങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതുമൂലം ഇവിടെ നീണ്ട നിരയാണ്. ഇത് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുൻപ് കോന്നി ഓർത്തഡോക്സ് വലിയപള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ബാങ്ക് പ്രവർത്തിച്ചിരുന്ന സമയത്ത് ഉപഭാക്താക്കൾക്കും ജീവനക്കർക്കും ഒരുപോലെ വാഹന പാർക്കിംഗ് സൗകര്യവുമുണ്ടായിരുന്നു. അധികൃതർ ഇടപെട്ട് ഇവിടുത്തെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.