
പത്തനംതിട്ട : കളക്ടറേറ്റിന് മുമ്പിലെ നടപ്പാതയിൽ നിന്ന് ബാരിക്കേഡുകൾ നീക്കി. ഇവ കാരണം നടപ്പാതയിലൂടെ നടക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. നാല് ബാരിക്കേഡുകളായിരുന്നു നിരത്തിവച്ചിരുന്നത്. ഇതിൽ മൂന്നെണ്ണം മാറ്റിയിട്ടുണ്ട്. ഒരെണ്ണം കളക്ടറേറ്റ് കവാടത്തിനോട് ചേർന്ന് തന്നെ നിൽപ്പുണ്ട്. കഴിഞ്ഞ ദിവസം കേരളകൗമുദി ഇതുസംബന്ധിച്ച് വാർത്ത നൽകിയിരുന്നു. തുടർന്നാണ് നീക്കിയത്.
ബാരിക്കേഡുകൾ കാരണം റോഡിലേക്ക് ഇറങ്ങിയാണ് യാത്രക്കാർ നടന്നുപോയിരുന്നത്. മാസങ്ങളായി ഇവ നടപ്പാതയിൽ വച്ചിരിക്കുകയായിരുന്നു. സ്ഥിരം സമരങ്ങൾ നടക്കുന്ന സ്ഥലമാണിത്. കളക്ടറേറ്റിലെ ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലും സമീപത്തുള്ള സിവിൽ സപ്ലൈസ്, ക്ഷേമനിധി ഓഫീസുകളിൽ എത്തുന്നവർ, ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളടക്കമുള്ളവർ എന്നിങ്ങനെ നിരവധിപേർ കടന്നുപോകുന്ന നടപ്പാതയാണിത്. ചെറിയ വളവ് കൂടിയാണ് ഈ ഭാഗം. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് വേഗത്തിൽ വരുന്ന വാഹനങ്ങൾ റോഡിലേക്ക് ഇറങ്ങി നടക്കുന്ന ആളുകൾക്ക് ഭീഷണിയാണ്.