 
കോഴഞ്ചേരി : പുല്ലാട് ജംഗ്ഷനിലെ വാഹനഗതാഗതത്തിന് തടസമൊരുക്കുകയാണ് കെ.കെ റോഡിലുള്ള ഓട്ടോറിക്ഷാസ്റ്റാൻഡ്. പാർക്കിംഗ് ഏരിയ കോൺക്രീറ്റ് ചെയ്യാത്തതിനാൽ റോഡിലേക്ക് ഇറക്കി ഒാട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതാണ് വഴി തടസപ്പെടാൻ കാരണം. ജംഗ്ഷന് സമീപം കെ.കെ റോഡിനിരുവശവും കോൺക്രീറ്റ് ചെയ്തിട്ടില്ല. ഒരു വർഷം മുമ്പ് ടാറിംഗ് നടത്തിയെങ്കിലും കൊവിഡ് സാഹചര്യങ്ങൾ കാരണം പണി നീണ്ടുപോയതാണ് കോൺക്രീറ്റ് വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.
ഓട്ടോറിക്ഷകൾ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്യുന്നതിനാൽ ഇരുവശങ്ങളിലൂടെയുമുള്ള വാഹന ഗതാഗതം തടസപ്പെടാറുണ്ട്. കോട്ടയം - കോഴഞ്ചേരി ചെയിൻ സർവീസ് നടക്കുന്ന റോഡാണിത്. നിരവധി പ്രൈവറ്റ് ബസുകളും ഇൗ റോഡിലൂടെ സർവീസ് നടത്തുന്നുണ്ട്.
മല്ലപ്പള്ളി, കടപ്ര, തിരുവല്ല, കോഴഞ്ചേരി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എത്തുന്ന പ്രധാന ജംഗ്ഷൻ കൂടി ആണ് പുല്ലാട്. അശാസ്ത്രീയമായ രീതിയിലാണ് ഈ റോഡിന്റെ പണി അവസാനിപ്പിച്ചതെന്ന് പ്രദേശത്തുള്ളവർ പറയുന്നു. റോഡിന് ഇരുവശങ്ങളിലും മണ്ണിന് മുകളിൽ മെറ്റലുകൾ നിരത്തിയതല്ലാതെ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടില്ല. ഇതിൽ പകുതിയും മഴയിൽ ഒലിച്ചുപോയി. ഇരുവശത്തും മണ്ണിട്ട് ഉറപ്പിച്ച് കോൺക്രീറ്റ് ഇട്ടാൽ മാത്രമേ ഈ റോഡിൽ ഗതാഗതം സുഗമമാക്കാൻ സാധിക്കു.
"റോഡിനിരുവശവും എത്രയുംവേഗം കോൺക്രീറ്റ് ചെയ്യണം. രണ്ട് വാഹനങ്ങൾക്ക് ഒരുപോലെ ഇതുവഴി കടന്നുപോകാൻ കഴിയില്ല. ഓട്ടോറിക്ഷ ഇറക്കിയിടാൻ സാധിക്കില്ല. ചില ഭാഗങ്ങളിൽ വലിയ കട്ടിംഗ് ആണ്.
ഓട്ടോറിക്ഷാ തൊഴിലാളികൾ