
പത്തനംതിട്ട : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ പേരിൽ കൊടുമൺ അങ്ങാടിക്കലിലുണ്ടായ സംഘർഷത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ സി.പി.എം - സി.പി.എെ ധാരണ. ഇരുപാർട്ടികളുടെയും ജില്ലാസെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഇന്നലെ പത്തനംതിട്ട റസ്റ്റ്ഹൗസിൽ നടന്ന ചർച്ച ഒന്നര മണിക്കൂർ നീണ്ടു. ജില്ലാ നേതൃത്വങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിക്കണമെന്ന് ഇരുപാർട്ടികളുടെയും സംസ്ഥാന ഘടകങ്ങൾ നിർദേശിച്ചതിനെ തുടർന്നായിരുന്നു കൂടിക്കാഴ്ച.
അങ്ങാടിക്കലിലെ അക്രമ സംഭവങ്ങളെ ചർച്ചയിൽ പങ്കെടുത്ത ഇരുവിഭാഗവും അപലപിച്ചു.
ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് കൊടുമണ്ണിൽ സംഭവിച്ചതെന്ന് ജില്ലാ സെക്രട്ടറിമാർ യോഗത്തിൽ പറഞ്ഞു. അക്രമങ്ങൾ നടത്തിയവർക്കെതിരെ സംഘടനാപരവും നിയമപരവുമായ നടപടികളുമായി മുന്നോട്ടുപോകും. പ്രശ്നങ്ങൾ ഉണ്ടാക്കിയവർ ആരെല്ലാമെന്ന് പരിശോധിച്ച് നടപടിയെടുക്കും.
സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ജില്ലാസെക്രട്ടറിയേറ്റംഗം കെ.അനന്തഗോപൻ, അടൂർ ഏരിയ സെക്രട്ടറി എം.മനോജ് കുമാർ, കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ.സലിം, സി.പി.എെ ജില്ലാ സെക്രട്ടറി എ.പി.ജയൻ, അസി. സെക്രട്ടറി ഡി.സജി, അടൂർ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
സി.പി.എം നിലപാട്: കൊടുമണ്ണിൽ നടന്നത് നിർഭാഗ്യകരമായ സംഭവങ്ങൾ. അക്രമങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ സംഘടനാപരവും നിയമപരവുമായ നടപടിയെടുക്കും. പ്രാദേശികമായി ഇനി പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ എടുക്കും.
സി.പി.എെ നിലപാട് : കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന സി.പി.എം ഉറപ്പിൽ വിശ്വസിക്കുന്നു. സി.പി.എെ പ്രവർത്തകർ അക്രമിക്കപ്പെട്ടതിന് അഞ്ച് കേസുകൾ നിലവിലുണ്ട്. പട്ടികജാതി പീഡനത്തിനും കുട്ടികളോട് അസഭ്യം പറയുകയും അശ്ളീലം കാട്ടുകയും ചെയ്തതിന് ബാലാവകാശ കമ്മിഷനിലും കേസുകളുണ്ട്. സി.പി.എെ പ്രവർത്തകർ തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കും.
ഭീതി വിതച്ച അക്രമങ്ങൾ
അക്രമങ്ങളുമായി ബന്ധപ്പെട്ട് 7 കേസുകളിൽ അന്വേഷണം നടക്കുന്നു. നടുറോഡിൽ സി.പി.എെ പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിക്കൽ, പൊലീസിന് നേരെ സോഡാക്കുപ്പിയും കല്ലും വലിച്ചെറിയൽ, വീടാക്രമണങ്ങൾ എന്നിവ 16ന് പകലും രാത്രിയുമായി അങ്ങാടിക്കലിൽ ഭീതി സൃഷ്ടിച്ചിരുന്നു. സി.പി.എം സിയോൺകുന്ന് ബ്രാഞ്ച് അംഗങ്ങളടക്കം ആളുകൾ സി.പി.ഐയിൽ ചേർന്നതോടെയാണ് സംഘർഷം തുടങ്ങിയത്.
'' അക്രമസംഭവങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കും.
കെ.പി.ഉദയഭാനു, സി.പി.എം ജില്ലാ സെക്രട്ടറി.
'' ഇടത് എെക്യത്തിന് ദോഷം വരുന്ന ഒരു നടപടിയും ഉണ്ടാകാൻ പാടില്ല. സി.പി.എം നൽകിയ ഉറപ്പുകൾ ഞങ്ങൾ വിശ്വാസത്തിലെടുക്കുന്നു.
എ.പി.ജയൻ, സി.പി.എെ ജില്ലാസെക്രട്ടറി