 
ചെങ്ങന്നൂർ: സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ വിദ്യാലയങ്ങളിലെ ഏഴു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് കളരിപ്പയറ്റ്, കരാട്ടെ, കുങ്ഫു, ജൂഡോ, എയ്രോബിക്സ്, നീന്തൽ തുടങ്ങിയ ഇനങ്ങളിൽ സ്പോർട്സ് കൗൺസിൽ അംഗങ്ങളായ വിദഗ്ദ പരിശീലകർ ക്ലാസുകൾ നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രചോദനമാകുംവിധം ഈ മേഖലകളിൽ പ്രഗത്ഭരായ പ്രാദേശിക സ്ത്രീപരിശീലകരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വയം സുരക്ഷിതത്വം ഉറപ്പാക്കി ആത്മവിശ്വാസത്തോടെ മുന്നേറുവാനുള്ള ഊർജ്ജമാണ് ഇതിലൂടെ പെൺകുട്ടികൾക്ക് നൽകുന്നത്.
പുലിയൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾക്കുള്ള കളരിപ്പയറ്റ് പരിശീലനത്തിലൂടെ പദ്ധതിയ്ക്ക് ഉപജില്ലാതലത്തിൽ തുടക്കമായി. മാന്നാർ കളരി പരിശീലകനും, സാംസ്കാരികവകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് ജേതാവുമായ കെ.ആർ.രദീപിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ രാജീവ് ,ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ ജി.കൃഷ്ണകുമാർ, കെ.ബൈജു, പ്രവീൺ വി.നായർ,വി.ഹരിഗോവിന്ദ്, കെ.വി. മൃദുല എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിദ്യാർത്ഥിനി ലക്ഷ്മി ഭാസിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കളരി അഭ്യാസപ്രകടനം നടത്തി.