stand
പ്രൈവറ്റ് ബസ് സ്റ്റാൻഡ് യാർഡിൽ മണ്ണ് പരിശോധന നടത്തുന്നു

പത്തനംതിട്ട : പ്രൈവറ്റ് ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് യാർഡ് പുനർനിർമ്മിക്കാൻ നഗരസഭ. ഇതിനായി തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന ആരംഭിച്ചു. ബസ്റ്റാന്റ് യാഡ് വർഷങ്ങളായി തകർന്ന നിലയിലാണ്. നിലം നികത്തിയ സ്ഥലത്ത് മാലിന്യങ്ങളും കെട്ടിടാവശിഷ്ടങ്ങളുമെല്ലാമിട്ടാണ് ബസ് സ്റ്റാൻഡ് യാർഡ് നിർമ്മിച്ചിട്ടുള്ളത്.യാഡിന്റെ നിർമ്മാണ ഘട്ടത്തിന്റ തന്നെ നല്ല രീതിയിൽ മണ്ണ് ഉറപ്പിക്കാതിരുന്നതിനാൽ വാഹനങ്ങൾ കയറിയിറങ്ങുന്നതനുസരിച്ച് കുഴി രൂപപ്പെടുകയാണ്. എല്ലാ വർഷവും പരാതി ലഭിക്കുമ്പോഴും മണ്ഡലകാല സമയവുമാണ് യാർഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത്. വർഷങ്ങളായി വലിയ തുക ചെലവാക്കിയെങ്കിലും ഇതുവരെ പ്രയോജനമുണ്ടായില്ല. മഴക്കാലത്ത് ചെളിക്കുളമാകുന്ന ബസ് സ്റ്റാന്റ് യാർഡിൽ വേനൽക്കാലത്ത് പൊടിശല്യം രൂക്ഷമാണ്. കുണ്ടും കുഴിയും നിറഞ്ഞ യാർഡിലൂടെ ഗതാഗതം അതീവ ദുസഹമാണ്. സ്വകാര്യ ബസുകൾക്ക് അറ്റകുറ്റപ്പണിക്കായി വലിയ തുക ചെലവാക്കേണ്ട അവസ്ഥയാണ്. പുതിയ ഭരണസമിതി വന്നതിന് ശേഷമാണ് തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിനോട് മണ്ണ് പരിശോധന നടത്തുന്നതിനായി ആവശ്യപ്പെട്ടത്. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാർഡ് നിർമ്മാണത്തിനും ബസ് സ്റ്റാന്റിന്റെ പുനരുദ്ധാരണത്തിനുമായി കുറഞ്ഞത് 5 കോടി രൂപയെങ്കിലും ചെലവു വരും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ തുക കണ്ടെത്താൻ വായ്പയ്ക്കായി സർക്കാരിനെ സമീപിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്.

" തുടക്കത്തിൽ നല്ല രീതിയിൽ മണ്ണിട്ട് ഉറപ്പിക്കാത്തതിനാലാണ് ഇങ്ങനെ കുഴികൾ രൂപപ്പെടുന്നത്. അത് കൃത്യമായി പഠിച്ച് യാർഡ് പുനർനിർമ്മിക്കും."

ടി. സക്കീർ ഹുസൈൻ

(നഗരസഭ ചെയർമാൻ)