
പത്തനംതിട്ട : ജില്ലയിൽ മദ്യ, മയക്കുമരുന്ന് ഉപയോഗം, അനധികൃത വില്പന, കൈമാറ്റം എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി പൊലീസ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു. നിരവധി പേർ അറസ്റ്റിലായി. സ്‌പെഷ്യൽ ഡ്രൈവിൽ ഉൾപ്പെടുത്തി റെയ്ഡുകളും കർശന പരിശോധനകളും തുടരും.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ജില്ലാ ആന്റി നാർകോട്ടിക് ടീം (ഡാൻസാഫ് ) അംഗങ്ങൾ, ജില്ലാ തലത്തിലുള്ള ആക്ഷൻ ഗ്രൂപ്പ്, സംഘടിത കുറ്റകൃത്യങ്ങൾ തടയുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്ന പൊലീസ് സ്റ്റേഷനുകളിലെ പ്രത്യേക സെൽ, എസ്.എച്ച്.ഒമാർ എന്നിവരുടെ സംഘമാണ് റെയ്ഡുകളും മറ്റ് നടപടികളും സ്വീകരിച്ചുവരുന്നത്.
ജില്ലയിൽ പൊലീസ് സ്റ്റേഷൻ പരിധികളിൽ റെയ്ഡുകൾ തുടരാനും കേസുകൾ പരമാവധി രജിസ്റ്റർ ചെയ്യുന്നതിനും എല്ലാ എസ്.എച്ച്.ഒമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ, ലഹരിവസ്തുക്കൾ എന്നിവയുടെ ഉറവിടം കണ്ടെത്തൽ, ഇവയുടെ വിതരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യൽ എന്നീ കാര്യങ്ങളിൽ പൊലീസ് നിരീക്ഷണവും നടപടികളും ശക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്നവരുടെ അനധികൃത വസ്തുവകകൾ ഉണ്ടെങ്കിൽ കണ്ടെത്തി തുടർനടപടി സ്വീകരിക്കും. മുൻ കുറ്റവാളികൾ, പ്രത്യേകം സംശയിക്കുന്നവർ പൊലീസ് സ്റ്റേഷൻ പരിധികളിൽ താമസിക്കുന്നുണ്ടെങ്കിൽ നിരീക്ഷണം നടത്താനും പൊലീസിന് നിർദേശം നൽകി.
മയക്കുമരുന്നുകൾ കടത്തുന്നവർക്കും
ഉപയോഗിക്കുന്നവർക്കുമെതിരായ സ്‌പെഷ്യൽ ഡ്രൈവ്
28 വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ 245 റെയ്ഡുകളാണ് നടത്തിയത്. 51 കേസുകൾ രജിസ്റ്റർ ചെയ്തു. 53 പേരെ പരിശോധിച്ചു. പന്തളം, റാന്നി, കീഴ്വായ്പൂർ, കോന്നി, കൂടൽ, കൊടുമൺ, മലയാലപ്പുഴ, വെച്ചൂച്ചിറ, തണ്ണിത്തോട്, പമ്പ എന്നീ സ്റ്റേഷനുകളിലായി 10 കേസുകൾ എടുത്തു.