പത്തനംതിട്ട: ഓൺലൈനിൽ കുട്ടികൾ സുരക്ഷിതരാവാൻ മാതാപിതാക്കൾക്ക് ത്രിദിന പരിശീലനം നല്കുന്ന 'ഡിജിറ്റൽ സേഫ് പദ്ധതിയുടെ ആദ്യഘട്ടം ജില്ലയിൽ പൂർത്തിയായി. യൂനിസെഫിന്റെ സഹകരണത്തോടെ പൊലീസ് ആരംഭിച്ച പദ്ധതി സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ചിൽഡ്രൻ ആൻഡ് പൊലീസ് എന്നിവരുടെ പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്. ജില്ലയിലെ 1500 രക്ഷിതാക്കൾക്ക് പരിശീലനം നല്കി. ഓൺലൈൻ ക്ലാസുകൾ സജീവമായതോടെ പോയവർഷം നിരവധി കുട്ടികളാണ് വിവിധ സൈബർ കെണികളിൽ അകപ്പെട്ടത്. ഇത്തരം കേസുകൾ 11തരമായി തിരിച്ച്, പഠന വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ സുരക്ഷയ്ക്ക് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. മാസ്റ്റർ ട്രെയ്നർമാരായ കെ.എസ് സുസ്മിത (ജി.എച്ച്.എസ്.എസ് തെങ്ങമം), മനോജ് ബി.നായർ (കെ.ആർ.കെ.പി.എം എച്ച് എസ് എസ് ,സീതത്തോട്), പി.ആർ ഗിരീഷ് (എസ്.എൻ.വി.എച്ച്.എസ്. എസ് അങ്ങാടിക്കൽ) എന്നിവർ ക്ലാസുകൾ നയിച്ചു.