പ്രമാടം : പ്രമാടം പഞ്ചായത്തിൽ കൊവിഡ് രോഗികൾ അനുദിനം കുതിച്ചുയരുന്ന മറൂരിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. പൊതുപരിപാടികളും ആൾക്കൂട്ടവും നിരോധിച്ചതിന് പുറമെ നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.19 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രമാടത്ത് ഒന്നാം വാർഡായ മറൂരിലാണ് യാതൊരു നിയന്ത്രണവും ഇല്ലാതെ രോഗ ബാധിതർ വർദ്ധിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് ചേർന്ന് കടക്കുന്ന പ്രദേശം കൂടിയാണിത്. രോഗബാധിതർ ഇല്ലാത്ത ഭവനങ്ങൾ ചുരുക്കമാണ്. നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്തത് ആരോഗ്യ വകുപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇതേ തുടർന്നാണ് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കൊവിഡിന്റെ കഴിഞ്ഞ രണ്ട് തരംഗങ്ങളിലും മറൂർ ഭാഗത്ത് നിരവധി മരണങ്ങളും സംഭവിച്ചിട്ടുണ്ട്. പട്ടികജാതി കോളനി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന മറൂരിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഡി.സി.സിയുടെ പ്രവർത്തനം തുടങ്ങാൻ വൈകുന്നത് രോഗ വ്യാപനം വർദ്ധിപ്പിക്കുന്നുണ്ട്. പല വീടുകളിലും ക്വാറന്റൈനിൽ കഴിയാൻ യോഗ്യമല്ല. വീടുകളിൽ കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നതിനാൽ ജോലിക്കും പോകാൻ കഴിയുന്നില്ല. നേരത്തെ ഇത്തരക്കാർക്ക് സാമൂഹ്യ അടുക്കളയിൽ നിന്നും പഞ്ചായത്ത് വോളണ്ടിയർമാർ മുഖേന ഭക്ഷണം എത്തിച്ച് നൽകിയിരുന്നെങ്കിലും ഇത്തവണ ഇതുമില്ല.