
പത്തനതിട്ട: നാളത്തെ കേന്ദ്ര ബഡ്ജറ്റിൽ ജില്ലയ്ക്കും ചിലത് പ്രതീക്ഷിക്കാനുണ്ട്. വിലയിടിവിൽ നട്ടം തിരിയുന്ന റബർ കർഷകർക്ക് സാമാശ്വാസമേകുന്ന നിർദേശങ്ങൾ, തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസനത്തിനൊപ്പം കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ, പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം മെച്ചപ്പെടുത്തൽ തുടങ്ങി ചെറുതുംവലുതമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാൻ കേന്ദ്ര ഇടപെടൽ അനിവാര്യമാണ്.
റബർ മേഖല
പുതിയതായി പ്രഖ്യാപിച്ച റബർ ആക്ടിൽ കർഷകരെ സംരക്ഷിക്കാനുള്ള നടപടികൾ ഇല്ല. റബറിന്റെ ഉൽപ്പാദക ചെലവ് കിലോയ്ക്ക് 172 രൂപ ആണ്. അതിന്റെ പകുതി കൂടി കൂട്ടി തറവില പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. റബർ ഉത്തേജകപദ്ധതി കേന്ദ്രം നടപ്പിലാക്കണം.
റബറിന് കിലോയ്ക്ക് 250രൂപ ഉണ്ടായിരുന്നപ്പോൾ ഇറക്കുമതി ചുങ്കം 25ശതമാനം അല്ലെങ്കിൽ 30 രൂപ എന്നാക്കിയിരുന്നു. അത് 25 ശതമാനമായി നിലനിറുത്തണം. റബർ ബോർഡ് ഇത് ശുപാർശ ചെയ്തിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന റബറിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ് കർഷകരുടെ മറ്റൊരു ആവശ്യം. ഗുണനിലവാരം കുറഞ്ഞവ ഇറക്കുമതി ചെയ്താൽ ആഭ്യന്തര വിപണിയിൽ വില വീണ്ടും ഇടിയുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. ജില്ലയിൽ റബർ അധിഷ്ഠിത വ്യവസായം തുടങ്ങണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. റബർ ഉൽപ്പാദനത്തിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണ് പത്തനംതിട്ട ജില്ല.
തിരുവല്ല റെയിൽവേ സ്റ്റേഷൻ
ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽ ഇനിയും വികസനത്തിന്റെ പച്ചവെളിച്ചം തെളിഞ്ഞിട്ടില്ല. ആഴ്ചയിൽ 42 ട്രെയിനുകൾ കടന്നു പോകുന്നുണ്ടെങ്കിലും അഞ്ചെണ്ണത്തിന് ഇവിടെ സ്റ്റോപ്പില്ല. നിസാമുദ്ദീൻ എക്സ് പ്രസ്, യന്ത്വന്ത്പൂർ എക്സ് പ്രസ്, വിവേക് എക്സ് പ്രസ്, ഡെറാഡൂൺ എക്സ് പ്രസ്, ഹംസഫർ എക്പ്രസ് എന്നിവയ്ക്കാണ് സ്റ്റോപ്പില്ലാത്തത്. ഇതുകാരണം തിരുവല്ലയ്ക്ക് ചുറ്റുവട്ടത്തുള്ളവർ തൊട്ടടുത്ത ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയാണ് യാത്ര പോകുന്നത്. ലോക്ക് ഡൗണിന് മുൻപ് പ്രതിദിനം രണ്ടായിരത്തോളം യാത്രക്കാരാണ് തിരുവല്ല റെയിൽവേ സ്റ്റേഷൻ വഴി യാത്രചെയ്തിരുന്നത്. സ്റ്റേഷന്റെ മേൽക്കൂരപ്പണികൾ പൂർത്തിയായിട്ടില്ല. സ്ഥിരം ഭക്ഷണശാലകൾ ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.
പാസ്പോർട്ട് സേവാ കേന്ദ്രം
ജില്ലയിൽ പുതിയ പാസ്പോർട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും കാലതാമസം നേരിടുന്നു. അപേക്ഷിക്കുന്നവർക്ക് രേഖകൾ സമർപ്പിക്കാനുള്ള തീയതി വൈകി ലഭിക്കുന്നത് കാരണം വിദേശ യാത്ര പ്രതിസന്ധിയിലായി. ഒാൺലൈനിൽ അപേക്ഷ സമർപ്പിക്കുമ്പോൾ രേഖകൾ ഹാജരാക്കാനുള്ള തീയതി ലഭിക്കുന്നത് ഒരുമാസം കഴിഞ്ഞുള്ളതാണ്. നേരത്തെ രണ്ടാഴ്ചക്കുള്ളിലെ തീയതി ആയിരുന്നു ലഭിച്ചിരുന്നത്. പത്തനംതിട്ട ജില്ലക്കാർ പത്തനംതിട്ടയിലെയോ കൊല്ലത്തെയോ പാസ്പോർട്ട് സേവാകേന്ദ്രത്തിലാണ് രേഖകൾ സമർപ്പിക്കേണ്ടത്. കൊല്ലത്ത് മൂന്നാഴ്ച വൈകിയുള്ള തീയതി ലഭിക്കുമ്പോൾ പത്തനംതിട്ടയിൽ ഒരുമാസം കഴിഞ്ഞുള്ളതാണ് ലഭിക്കുന്നത്. പത്തനംതിട്ട പാസ്പോർട്ട് ഒാഫീസിൽ ദിവസം 80 അപേക്ഷകളുടെ രേഖകളാണ് പരിശോധിക്കുന്നത്. ഹെഡ്പോസ്റ്റ് ഒാഫീസിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാകേന്ദ്രത്തിൽ സ്ഥലപരിമിതിയുള്ളതിനാൽ രേഖകളുടെ പരിശോധന പരിമിതപ്പെടുത്തിയിട്ടുണ്ട്.