 
തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കൊടിമരത്തിന് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചതുമായി ബന്ധപ്പെട്ട ദേവഹിതമറിയുന്നതിനുള്ള അഷ്ടമംഗല ദേവപ്രശ്നം ഫെബ്രു. 21ന് ആരംഭിക്കുമെന്ന് അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ നവംബർ 28നാണ് ക്ഷേത്രത്തിലെ സ്വർണ്ണകൊടിമരത്തിന് മിന്നലേറ്റ് തകരാറുകൾ സംഭവിച്ചത്. ഇതേതുടർന്ന് ഭക്തജനങ്ങളുടെ സഹകരണത്തോടെ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ, അംഗങ്ങളായ പി.എം.തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, ദേവസ്വം ചീഫ് എൻജിനീയർ ആർ.അജിത് കുമാർ, തിരുവാഭരണം കമ്മിഷണർ എസ്. അജിത്കുമാർ, ക്ഷേത്രം തന്ത്രിമാരായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന നറുക്കെടുപ്പിലൂടെ ദൈവജ്ഞന്മാരെ തിരഞ്ഞെടുത്തിരുന്നു. ദൈവജ്ഞന്മാരായ ഡോ.തൃക്കുന്നപ്പുഴ ഉദയകുമാർ, മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, ഇടയ്ക്കാട് ദേവദാസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ദൈവജ്ഞരെ ക്ഷേത്രം അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ ശ്രീപദ്മം, ജോ. കൺവീനർ വി. ശ്രീകുമാർ കൊങ്ങരേട്ട്, ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ എന്നിവർ ആചാരപരമായി ക്ഷണിച്ചു.