തിരുവല്ല: കാലാവസ്ഥാവ്യതിയാനവും വളത്തിന്റെ വിലവർദ്ധനവും കാരണം പ്രതിസന്ധിയിലായ അപ്പർകുട്ടനാടൻ മേഖലയിലെ നെൽകർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിച്ച് അടിയന്തര ധനസഹായം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തയറാകണമെന്ന് കർഷക മോർച്ച മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ അപ്പർകുട്ടനാട് പാക്കേജ് അടിയന്തരമായി നടപ്പിലാക്കണം. ഏറെ പ്രതികൂല സാഹചര്യത്തിൽ നെൽകൃഷിക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്ന കർഷകർക്ക് വേണ്ട അടിയന്തര സഹായങ്ങൾ ഉടനടി ലഭ്യമാക്കാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും അതാത് കൃഷിഭവനുകൾ മുഖേന കർഷകർക്ക് സഹായങ്ങൾ എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തണം. വളത്തിനും മറ്റ് കാർഷിക പ്രവർത്തനങ്ങൾക്കും കൂടുതൽ സബ്സിഡി തുക അനുവദിച്ച് മേഖലയിലെ പ്രതിസന്ധി ഒഴിവാക്കുവാനും വേണ്ട അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കർഷകമോർച്ച മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സന്തോഷ് അഞ്ചേരി അദ്ധ്യക്ഷത വഹിച്ച യോഗം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് വർക്കി ഉദ്ഘാടനം ചെയ്തു.മണ്ഡലം ജന.സെക്രട്ടറി ജയൻ ജനാർദ്ദനൻ, കർഷകമോർച്ച മണ്ഡലം ജന.സെക്രട്ടറി വി.ഹരിഗോവിന്ദ്, വൈസ് പ്രസിഡന്റ് ജയൻ ശൈത്യം, ട്രഷറർ കമലാസനൻ എന്നിവർ പ്രസംഗിച്ചു.