
പത്തനംതിട്ട : കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം കൂടിയതോടെ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനം സഹകരിച്ചു. അനാവശ്യമായ യാത്രകൾ ഭൂരിഭാഗം പേരും ഉപേക്ഷിച്ചു. നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ ജില്ലയിൽ പൊലീസ് പരിശോധന നടത്തി. സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ സഹകരിച്ചതായി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും അവശ്യസേവനങ്ങൾക്കും മാത്രമാണ് ഇന്നലെ അനുമതി ഉണ്ടായിരുന്നത്. ബേക്കറികൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ പാർസൽ സർവീസ് മാത്രം അനുവദിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത്യാവശ്യ യാത്രികരെ രേഖകളുടെ അടിസ്ഥാനത്തിൽ യാത്ര തുടരാൻ അനുവദിച്ചു. ലംഘകർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം 49 കേസുകൾ രജിസ്റ്റർ ചെയ്തു. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് 139 പേർക്കെതിരെ പെറ്റികേസ് ചാർജ് ചെയ്തു.
ആകെ 3701 വാഹനങ്ങൾ പരിശോധിക്കുകയും മതിയായ രേഖകൾ ഇല്ലാത്ത 10 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.