
പത്തനംതിട്ട : ജില്ലയിൽ കൂടുതൽ പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്ത ദിവസം ആയിരുന്നു ഇന്നലെ. 2517 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദിവസവും രണ്ടായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ട് ഒരാഴ്ച ആയതേയുള്ളു. ജില്ല സി കാറ്റഗറിയിലാണ്. ഇതുവരെ 2,37,724 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇലന്തൂർ സ്വദേശി (65) , കടപ്ര സ്വദേശി (90) എന്നിവർ കൊവിഡ് ബാധയെ തുടർന്ന് ഇന്നലെ മരിച്ചു.
ചികിത്സാ സൗകര്യങ്ങളെ കുറിച്ച്
ആശങ്ക വേണ്ട: ഡി.എം.ഒ
ജില്ലയിൽ കിടത്തിച്ചികിത്സ വേണ്ടി വരുന്ന രോഗികൾക്കായി ആവശ്യാനുസരണം ബെഡുകൾ, വെന്റിലേറ്ററുകൾ, ഐ.സി.യുകൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ആശങ്ക വേണ്ടെന്നും ജില്ലാമെഡിക്കൽ ഓഫീസർ ഡോ.എൽ. അനിത കുമാരി പറഞ്ഞു.
ജനറൽ ആശുപത്രി പത്തനംതിട്ട, അടൂർ, കോഴഞ്ചേരി ജില്ലാആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവയാണ് സർക്കാർ മേഖലയിലുള്ള കൊവിഡ് ആശുപത്രികൾ. ഇവിടങ്ങളിൽ ആകെ 128 കിടക്കകളാണ് ഉള്ളത്. ഇതിൽ 43 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. റാന്നി പെരുനാട് സി.എഫ്.എൽ.ടി.സി , സി.എസ്.എൽ.ടി.സി പന്തളം എന്നിവിടങ്ങളിലായി 480 കിടക്കകൾ ഉണ്ട്. ഇതിൽ 386 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.
47 വെന്റിലേറ്ററുകളാണ് സർക്കാർ മേഖലയിൽ കൊവിഡ് രോഗികൾക്കായി നിലവിൽ മാറ്റിവച്ചിട്ടുള്ളത്. 48 ഐ.സി.യു കിടക്കകൾ ലഭ്യമായിട്ടുള്ളതിൽ 10 എണ്ണത്തിൽ മാത്രമാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ളവ ഒഴിഞ്ഞു കിടക്കുകയാണ്.
134 സെൻട്രൽ ഓക്‌സിജൻ സപ്പോർട്ടഡ് ബെഡുകൾ ലഭ്യമായിട്ടുള്ളതിൽ 125 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുള്ള 807 കിടക്കകളിൽ 456 എണ്ണവും 56 വെന്റിലേറ്ററുകളിൽ 40 എണ്ണവും 133 ഐസിയു ബെഡുകളിൽ 112 എണ്ണവും 322 ഓക്‌സിജൻ സപ്പോർട്ടഡ് ബെഡുകളിൽ 240 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. ഓക്‌സിജൻ സിലിണ്ടറുകൾക്കും ജില്ലയിൽ ക്ഷാമമില്ലെന്നും ഡി.എം.ഒ പറഞ്ഞു.
കൊവിഡ് രോഗിയെ കാണാതായി
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊവിഡ് രോഗിയെ കാണാതായി. ബി കാറ്റഗറിയിലുള്ള രോഗിയെ ആണ് കാണാതായത്. അമ്പതുകാരനായ ചുരുളിക്കോട് സ്വദേശിയെ നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച അർദ്ധ രാത്രിയിൽ ആശുപത്രി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇയാൾ കടന്ന് കളയുകയായിരുന്നു.