31-peacock-
പരിക്കേറ്റ മയിലിനെ വനം വകുപ്പിന്റെ നിർദ്ദേശ പ്രകാരം രാജനും അനന്ദനും ചേർന്ന് വന്യ ജീവി സംരക്ഷകനായ സാം ജോണിന് കൈമാറുന്നു

ചെങ്ങന്നൂർ: തേങ്ങാ വീണ് പരിക്കേറ്റ് അവശനിലയിലായ മയിലിന് ടാപ്പിംഗ് തൊഴിലാളി പ്രാഥമിക ചികിത്സ നൽകി. ഇന്നലെ രാവിലെ കാരയ്ക്കാട് ചെമ്പകശേരിൽ വീട്ടിൽ രാജൻ റബർ ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് സമീപത്തെ തെങ്ങിൽ നിന്ന് മയിലിന്റെ ശരീരത്തേക്ക് തേങ്ങാ വീണ് കണ്ടത്. സാരമായി പരിക്കേറ്റുകിടന്ന മയിലിനെ ഉടൻ അദ്ദേഹം വീട്ടിൽ കൊണ്ടുപോയി മകൾ ദേവികയോടൊപ്പം പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് വനപാലകരേയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് വന്യജീവി സംരക്ഷകനായ സാം ജോണിന് രാജനും സാമൂഹ്യ പ്രവർത്തകനായ കെ.ആർ അനന്തനും ചേർന്ന് മയിലിനെ കൈമാറി. മയിലിനെ ചെങ്ങന്നൂർ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആരോഗ്യ നിലയിൽ നേരിയ പുരോഗതി കണ്ടെത്തിയതിനെ തുടർന്ന് മയിലിനെ ഇന്ന് വനപാലകർക്ക് കൈമാറുമെന്ന് സാം ജോൺ പറഞ്ഞു.