കോന്നി: ജില്ലയിലെ വൈദ്യുതി വിതരണ ശൃംഖല കാര്യക്ഷമാക്കുന്നതിനു ആവിഷ്കരിച്ച ശബരി വൈദ്യുതി പദ്ധതിയിൽ രണ്ട് 220 കെ.വി സബ് സ്റ്റേഷനുകളും നാല് 110 കെ.വി.സബ് സ്റ്റേഷനുകളും സ്ഥാപിക്കാൻ തീരുമാനായി. 250കോടി രൂപ മുതൽ മുടക്കിലാണ് ജില്ലയിൽ വെദ്യുതി നവീകരണ പദ്ധതികൾ നടന്നു വരുന്നത്. മൂഴിയാർ വൈദ്യുതി നിലയം സ്ഥിചെയ്യുന്ന ജില്ലയെ വൈദ്യുതി വിതരണ കാര്യത്തിൽ കുറ്റമറ്റതാക്കാൻ വേണ്ടിയാണ് ശബരിപദ്ധതി ആവിഷ്ക്കരിച്ചത്. ഇത് പൂർണ തോതിയിലാവുന്നതോടെ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ വൈദ്യുതി മുടക്കം പഴംകഥയാവുമെന്നാണ് അധികൃതർ പറയുന്നത്. പത്തനാപുരത്തു നിന്നും പാടം, കൂടൽ വഴി പത്തനംതിട്ടയിലേക്ക് പുതിയ 220 കെ.വി ലൈൻ വലിക്കുന്നുണ്ട്. ഇടപ്പോൺ, പത്തനംതിട്ട ലൈനിനു പുറമേയാണിയത്. ഒരു ലൈനിൽ തടസമുണ്ടായാൽ മറ്റൊരു ലൈനിൽ നിന്നും വൈദ്യുതി എത്തിക്കുന്ന ക്രമീകരണമാണ് വരുന്നത്.
പത്തനംതിട്ടയിലും സീതത്തോട്ടിലും 220 കെ.വി സബ് സ്റ്റേഷനുകൾ
ശബരിവൈദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി പത്തനംതിട്ടയിലും സീതത്തോട്ടിലും 220 കെ.വി സബ് സ്റ്റേഷനുകൾ പുതുതായി നിർമ്മിക്കുന്നുണ്ട് ഇതിനുള്ള കരാർ നൽകി കഴിഞ്ഞു. ജില്ലാ ആസ്ഥാനത്ത് അഴൂരിലെ വൈദ്യുത ഭവന് സമീപമാണ് പുതിയ സബ് സ്റ്റേഷൻ വരുന്നത്. സീതത്തോട്ടിൽ വെദ്യുതി വകുപ്പിന്റെ സ്ഥലത്താണ് പുതിയ സബ് സ്റ്റേഷൻ വരുന്നത്. ഡൽഹി ആസ്ഥാനമായ കമ്പനികളാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ആധുനീക രീതിയിലുള്ള ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനുകളാണ് വരുന്നത് . ഇതോടൊപ്പം കോന്നി, തീയാടിക്കൽ, പള്ളിക്കൽ, മണ്ണാറക്കുളഞ്ഞി എന്നിവിടങ്ങളിൽ 110 കെ.വി. സബ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അനുമതിയായി. കോന്നി 33 കെ.വി സബ് സ്റ്റേഷൻ 110 കെ.വി ആയി ഉയർത്തും. തീയാടിക്കൽ, പള്ളിക്കൽ, മണ്ണാറക്കുളഞ്ഞി എന്നിവിടങ്ങളിൽ പുതുതായി 110 കെ വി സബ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിനുള്ള സ്ഥലങ്ങളും കണ്ടെത്തി. ഒരു വർഷത്തിനുള്ളിൽ ശബരിപദ്ധതി കമ്മിഷൻ ചെയ്യാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം.
പദ്ധതിക്ക് 250 കോടി
ആധുനീക രീതിയിലുള്ള ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനുകൾ
ഒരു വർഷത്തിനുള്ളിൽ കമ്മിഷൻ ചെയ്യും
...................................