1
പ്രവർത്തനം മുടങ്ങിയ മല്ലപ്പള്ളി ബസ് സ്റ്റാന്റിലെ ഇലക്ട്രോണിക്ക് ഇ_ ടെയിലെറ്റുകൾ

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് ബസ് സ്റ്റാന്റിലെ 2011-12ൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ഇലക്ട്രോണിക്ക് ഇ- ടൊയ്ലറ്റ് പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കുന്നതിന് നടപടിയായിട്ടില്ല. പഞ്ചായത്തിലെ ബസ് സ്റ്റാന്റിൽ നിർമ്മിച്ചിട്ടുള്ള കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയിൽ കംഫർട്ട് സ്റ്റേഷനും മുകളിൽ വിശ്രമ മുറിയും ഉൾപ്പെടുന്ന പദ്ധതിയ്ക്ക് വിഭാവവനം ചെയ്തിരുന്നെങ്കിലും പദ്ധതി നടത്തിപ്പ് ഇപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്. 2016-17-ൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.17 കോടി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവധിച്ചിരുന്നെങ്കിലും 2019 ഓഗസ്റ്റിലാണ് ഭരണാനുമതി ലഭിച്ചത്. ശുചിമുറി നിർമ്മാണത്തിനായി കണ്ടെത്തിയ സ്ഥലത്തിന് മുമ്പിലുണ്ടായിരുന്ന അഞ്ച് കടകൾ 2019 സെപ്റ്റംബറിൽ ഒഴിപ്പിക്കുകയും ഒക്ടോബറിൽ മണ്ണ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഭരണാനുമതി ലഭിച്ച തുകയ്ക്ക് പുറമേ കൂടുതൽ തുക ഉൾക്കൊള്ളിക്കുകയോ അല്ലാത്ത പക്ഷം സ്ഥലത്തിന് അനുയോജ്യമായ പദ്ധതി തയാറാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നതാണ് താലൂക്ക് നിവാസികൾ ആവശ്യപ്പെടുന്നത്. താലൂക്ക് ആസ്ഥാനത്തെ പ്രധാന ബസ് സ്റ്റാന്റിൽ എത്തുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുവാൻ നല്ലൊരു ശുചിമുറിയില്ലാത്ത അവസ്ഥയാണ്. നിന്നുതിരിയുവാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണ് ബസ് സ്റ്റാന്റിൽ. പുതിയ ടൊയ്ലെറ്റ് അടിയന്തരമായി നിർമ്മിക്കണമെന്നാണ് യാത്രക്കാരുടേയും, വിദ്യാർത്ഥികളുടേയും വ്യാപാരികളുടേയും ആവശ്യം.