
പത്തനംതിട്ട : മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ വാഹനാപകടങ്ങൾ ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്. 2019 ലെ കണക്ക് പരിശോധിച്ചാൽ 1621 അപകടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2020ൽ ലോക്ക് ഡൗണും നിയന്ത്രണങ്ങളും കാരണം അധികം വാഹനങ്ങൾ പുറത്തിറങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ അപകടങ്ങളും താരതമ്യേന കുറവായിരുന്നു. 2021 നവംബർ വരെയുള്ള കണക്കിൽ 985 അപകടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്.
പരിശോധന കർശനം
ജില്ലയിൽ പരിശോധന കർശനമാക്കിയതാണ് അപകടങ്ങൾ കുറയാൻ കാരണമെന്ന് അധികൃതർ പറയുന്നു. ജില്ലയിൽ വാഹന പരിശോധനയ്ക്കായി എല്ലാതാലൂക്കിലും ഓരോ സ്ക്വാഡിനെ നിയമിച്ചിട്ടുണ്ട്. ആറ് താലൂക്കുകളിലായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിങ്ങനെ മൂന്ന് പേർ അടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തുന്നത്.
അപകടത്തിലേറെയും ഇരുചക്രവാഹനങ്ങൾ
ജില്ലയിൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങളധികവും ഇരുചക്രവാഹനങ്ങളാണ്. ടിപ്പർ, ലോറി, കാർ എന്നിവയും അപകടത്തിൽപ്പെടാറുണ്ടെങ്കിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇരുചക്രവാഹനയാത്രികരിലാണ്. ഹെൽമെറ്റ് ഉപയോഗിക്കാത്തതും അമിത വേഗതയുമാണ് ഇരുചക്രവാഹനയാത്രക്കാരെ അപകടത്തിലാക്കുന്നത്.
" ജില്ലയിൽ പരിശോധന കർശനമായി നടപ്പാക്കുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് അപകടങ്ങൾ ഇപ്പോൾ കുറവാണ്. പരിശോധന നടത്തി പിടിച്ചാൽ പിഴ ഈടാക്കുമെന്ന ബോദ്ധ്യം എല്ലാവർക്കുമുണ്ട്. നിയമം എല്ലാവർക്കും അറിയാം അത് പാലിക്കാത്തത് കൊണ്ടാണ് കൂടുതലും അപകടം. "
ജെ. ഹരികൃഷ്ണൻ
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ
ജനുവരി മുതൽ നവംബർ വരെ
2019
അപകടങ്ങൾ : 1621
മരണം : 187
പരിക്കേറ്റവർ : 558
2021
അപകടങ്ങൾ : 985
മരണം : 98
പരിക്കേറ്റവർ : 232
2019, 2021 വർഷങ്ങളിലെ അപകടങ്ങളുടെ കണക്ക്
ജനുവരി : 158 , 92
ഫെബ്രുവരി : 140 , 85
മാർച്ച് : 163, 122
ഏപ്രിൽ : 125, 70
മേയ് : 158, 15
ജൂൺ :120, 60
ജൂലായ് : 114, 96
ആഗസ്റ്റ് 116,105
സെപ്തംബർ : 116 , 109
ഒക്ടോബർ : 113, 114
നവംബർ : 131, 117
ഡിസംബർ : 167, കണക്ക് ലഭ്യമല്ല