 
വള്ളിക്കോട്: വാഴമുട്ടം ഇൗസ്റ്റ് പള്ളിമുരുപ്പ് കോളനിയിലെ പഞ്ചായത്തിന്റെ കെട്ടിടം കത്തിനശിച്ചു. സാമൂഹിക വിരുദ്ധർ തീയിട്ടതാണെന്ന് സംശിയിക്കുന്നു. ഇന്നലെ രാവിലെ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിലെ ഫർണിച്ചറുകളും ജനലുകളും കത്തിയമർന്നു. ചൂടേറ്റ് ഇഷ്ടിക പൊട്ടിത്തകർന്നു. പത്തനംതിട്ട ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഇടുങ്ങിയ റോഡിലൂടെ വാഹനം എത്തിക്കാൻ പറ്റിയില്ല. പ്രധാന റോഡിൽ നിന്ന് മൂന്ന് ഹോസുകൾ ബന്ധിപ്പിച്ച് വെള്ളം അടിച്ചാണ് തീ കെടുത്തിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കുന്നു.
കെട്ടിടത്തിന് നേരെ നേരത്തെയും ആക്രമണം ഉണ്ടായിട്ടുണ്ട്. കെട്ടിടത്തിന് തീയിട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി പ്രസന്നകുമാർ ആവശ്യപ്പെട്ടു.
ആഗ്രോ സർവീസ് സെന്ററിനായി നിർമ്മിച്ച കെട്ടിടമാണ് കത്തിയതെന്ന് വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ പറഞ്ഞു. ഒരു പട്ടികജാതി കുടുംബമാണ് കെട്ടിടം നിർമ്മിക്കാൻ സ്ഥലം അനുവദിച്ചത്. വസ്തു തർക്കത്തെ തുടർന്ന് കുടുംബത്തിലെ ഒരംഗം കെട്ടിടത്തിൽ താമസിക്കുന്നുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.