തിരുവല്ല: കൊടുംവരൾച്ചയിൽ ആശ്വാസമാകുന്ന പമ്പാ ജലസേചന പദ്ധതി ഫണ്ടിന്റെയും ജീവനക്കാരുടെയും കുറവുമൂലം പ്രതിസന്ധിയിൽ. കിഴക്ക് മണിയാറിൽ നിന്നും തുടങ്ങി പടിഞ്ഞാറൻ മേഖലയിലേക്ക് 430 കിലോമീറ്റർ ദൂരത്തിൽ വരെ കനാലിലൂടെ വെള്ളം എത്തിക്കുന്ന പ്രവർത്തിയാണ് പമ്പാ ജലസേചന പദ്ധതി വർഷങ്ങളായി ചെയ്തുവരുന്നത്. പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലെ 24 പഞ്ചായത്തുകളിലും രണ്ട് മുൻസിപ്പാലിറ്റിയിലും കുടി കനാലുകൾ കടന്നുപോകുന്നുണ്ട്. ഇത്രയധികം നീളത്തിലുള്ള കനാലുകളുടെ ചോർച്ച പരിഹരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും മറ്റ് പരിപാലനത്തിനുമായി വർഷംതോറും നല്ലൊരു തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി സർക്കാർ ഇതിനായി അനുവദിക്കുന്ന തുക കുറയുന്നതാണ് പദ്ധതിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നത്. നിർമ്മാണ പ്രവർത്തികൾക്ക് ഉൾപ്പെടെ അനുദിനം ചെലവുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 10 കോടി രൂപയെങ്കിലും ഒരുവർഷം പരിപാലന ചെലവിനായി ലഭിക്കേണ്ടതാണ്. എന്നാൽ ഈവർഷം 3.25 കോടി രൂപ മാത്രമാണ് സർക്കാർ അനുവദിച്ചത്. ഇതുകാരണം അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താനാകാത്തതിനാൽ സുഗമമായ ജലസേചനം സാദ്ധ്യമാകാതെ വരുന്നു.

ജീവനക്കാർ മൂന്നിലൊന്നായി

പദ്ധതിയുടെ മേൽനോട്ടത്തിന് ആവശ്യമായ ജീവനക്കാരില്ലാത്തതും പലവിധ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. മൂന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ്‌ എൻജിനീയർ ഉണ്ടായിരുന്നത് രണ്ടായി കുറഞ്ഞു. 10 അസിസ്റ്റന്റ് എൻജിനീയർമാർ ഉണ്ടായിരുന്നത് ഇപ്പോൾ മൂന്നായി. 150 താൽക്കാലിക തൊഴിലാളികൾ ജോലിയെടുത്തിരുന്നത് ഇപ്പോൾ 38 പേർ മാത്രമേയുള്ളു. ഉപകനാലുകൾ എല്ലാം നോക്കാൻ ആളില്ല. ആവശ്യമുള്ളിടത്ത് വെള്ളം കൊടുക്കാനും കഴിയുന്നില്ല.

പമ്പാ ജലസേചന പദ്ധതി (പി.ഐ.പി)

മണിയാർ ഡാമിൽ നിന്നും വാഴക്കുന്നത്ത് 20 കിലോമീറ്റർ ദൂരത്തിലെത്തി ഇടതുവലത് കരകളായി കനാലുകൾ രണ്ടായിതിരിയുന്നു. ഇടതുകരയിൽ ഇലന്തൂർ,മാവേലിക്കര,കാർത്തികപ്പള്ളി വരെ 47 കിലോമീറ്ററിൽ ഈപദ്ധതിയിലൂടെ വെള്ളം എത്തിക്കുന്നു. വലതുകരയിൽ കുറിയന്നൂർ,ഇരവിപേരൂർ,ഓതറ,കുറ്റൂർ, തിരുവൻവണ്ടൂർ വരെയുള്ള കർഷകരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഉപകനാലുകളും ശാഖാ കനാലുകളും ഉൾപ്പെടെയാണ് 430 കിലോമീറ്റർ ആകെ നീളം.

ഷട്ടറുകൾ തകർത്ത് സാമൂഹ്യവിരുദ്ധർ


പമ്പ ജലസേചന പദ്ധതിയുടെ കനാലുകളുടെ ഷട്ടറുകൾ തകർക്കുന്ന സംഭവങ്ങൾ കൂടിവരികയാണ്. ഓതറ കനാലിന്റെ നെല്ലിമലയിലെ ഷട്ടർ പലതവണ തകർത്തു. വള്ളംകുളം കനാലിന്റെ തോട്ടപ്പുഴയിലെ ഷട്ടർ അടുത്തകാലത്ത് പൊട്ടിച്ചത് പരാതിക്കിടയാക്കി. കുറ്റൂർ കനാലിന്റെ ഷട്ടർ പടിഞ്ഞാറ്റോതറയിലും തകർക്കുന്നത് പതിവായിട്ടുണ്ട്. രാത്രികാലങ്ങളിൽ ഷട്ടറുകൾ തകർക്കുന്നതുകാരണം ജലസേചനം തടസപ്പെട്ട് കർഷകർ ഉൾപ്പെടെ വലയുന്ന സ്ഥിതിയാണ്.

- ഈവർഷം 3.25 കോടി

തൊഴിലാളികൾ 38 പേർ

നേരത്തെ ഉണ്ടായിരുന്നത് 150 പേർ