01-elamthatt-puncha
കു​ളനട-കൈപ്പുഴ ഏലംതാറ്റ് പുഞ്ച

പന്തളം: വെള്ളമില്ലാതെ എങ്ങനെ കൃഷിചെയ്യും ? കു​ളനട കൈപ്പുഴ ഏലംതാറ്റ് പുഞ്ചയിലെ കർഷകരുടേതാണ് ചോദ്യം. ജലസേചന സൗകര്യം ഇല്ലാത്തതിനാൽ പുഞ്ചയിലെ നെൽകൃഷി ഉപേക്ഷിച്ചിരിക്കുകയാണ് അവർ. 60 ഏക്കറിൽ 2 ഏക്കറിൽ മാത്രമാണ് ഇത്തവണ കൃഷിചെയ്തത്.
കുളനട പഞ്ചായത്തിലെ 12, 13 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന 60 ഏക്കർ പാടശേഖരമാണ് ഏലംതാറ്റ് പുഞ്ച.

പുഞ്ചയുടെ വിവിധ ഭാഗങ്ങളിലായി എഴ് കുളങ്ങളുണ്ട്. ഇവയുടെ പുനരുദ്ധരണം നടത്തിയാലും കൃഷിക്ക് വെള്ളം ലഭി​ക്കും. എന്നാൽ പഞ്ചായത്ത് അതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു.
പാടത്തിന് നടുവിലുള്ള ചാലിൽ നിന്ന് ആവശ്യത്തിന് വെളളം ലഭിക്കാതെ വന്നപ്പോഴാണ് അച്ചൻകോവിലാറിൽ നിന്ന് വെള്ളമെത്തിച്ച് കൃഷിയിറക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. അച്ചൻകോവിലാറിന്റെ തീരത്ത് ചക്കനാട്ട് കടവിൽ മുമ്പുണ്ടായിരുന്ന പമ്പ് ഹൗസ് തകർന്നതോടെ അമ്പാട്ട് കടവിന് സമീപം പുതിയ പമ്പ്ഹൗസ് കെട്ടി അവിടെനിന്ന് പാടത്തേക്ക് വെള്ളമെത്തിക്കുന്നതായിരുന്നു പദ്ധതി.
45 ലക്ഷം രൂപ ചെലവിലുള്ള പദ്ധതി വർഷം പലതു കഴിഞ്ഞിട്ടും പൂർത്തിയായില്ല. ചാലിലെ ചെളികോരി വൃത്തിയാക്കൽ, തോടിന്റെ വശങ്ങൾ കെട്ടിസംരക്ഷിക്കൽ തുടങ്ങിയവയും പൂർത്തിയായിട്ടില്ല.
പദ്ധതി നടപ്പായാൽ 20 വർഷമായി തരിശുകിടന്ന മുഴുവൻ പാടശേഖരത്തും നെൽകൃഷി ചെയ്യാനാകും . 30 കുതിരശക്തിയുള്ള മോട്ടോർ അമ്പാട്ടു കടവിൽ സ്ഥാപിച്ച് പമ്പുചെയ്യുന്ന വെള്ളം കൊല്ലന്റെ തെക്കേ ച്ചാലിൽ സംഭരിച്ച് അവിടെനിന്ന് പാടത്തേക്ക് തിരിച്ചുവിടാൻ കഴിയും
കർഷക സമിതിയുടെയും ഗ്രാമപഞ്ചായത്തിന്റെയും ആവശ്യം പരിഗണിച്ചാണ് വീണാജോർജ് എം.എൽ.എയുടെ ശ്രമഫലമായി പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. പാടത്തും പാടത്തോടു ചേർന്ന കരഭൂമിയിലും എള്ള്, മുതിര, പച്ചക്കറി, വാഴ, കപ്പ ചേമ്പ് , എന്നിവയും കൃഷിചെയ്യുന്നുണ്ട്.

------------------------------


വെള്ളം എത്തിക്കാനുള്ള പദ്ധതിയുടെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണം. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം നെൽകർഷകർക്ക് കൂടി ലഭ്യമാക്കണം.

മനോജ് നന്ദാവനം (പാടശേഖര സമിതി പ്രസിഡന്റ്) ,

പി.ജി.ഭരതരാജൻ പി​ള്ള (സെക്രട്ടറി)

.

--------------------

@വെള്ളമില്ലാത്തതിനാൽ കർഷകർ കൃഷി ഉപേക്ഷിച്ചു

@ 45 ലക്ഷം രൂപ ചെലവിൽ പാടത്ത് വെള്ളമെത്തിക്കാൻ ആവിഷ്കരിച്ച പദ്ധതി പൂർത്തിയായില്ല