photo

പ്രമാടം : വെള്ളപ്പൊക്കത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കാൻ ചന്ദനപ്പള്ളി - പൂങ്കാവ് - കോന്നി റോഡ് ഉയർത്തുന്നു. ആറ് വർഷം മുമ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡ് മഴക്കാലത്ത് വെള്ളക്കെട്ടായത് തകർച്ചയ്ക്ക് കാരണമായി. കഴിഞ്ഞ വെള്ളപ്പൊക്കങ്ങളിൽ താഴൂർക്കടവ്, വള്ളിക്കോട് ഭാഗങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ദിവസങ്ങളോളം ഗതാഗതം തടസപ്പെട്ടു. പന്ത്രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡ് മണ്ണിട്ട് ഉയർത്തി അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

മല്ലശേരി, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, അമ്മൂമ്മതോട്, ഇളകൊള്ളൂർ, മണക്കുഴി,

കോന്നി ആനക്കൂടിന് മുൻവശം, മിനി സിവിൽ സ്റ്റേഷൻന് മുൻവശം, ചപ്പാത്തുപടി, മാങ്കുളം ജംഗ്ഷന് സമീപം എന്നിവിടങ്ങൾ മണ്ണിട്ട് ഉയർത്തി മെറ്റിൽ പാകി. ഓട നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.

കോന്നി താലൂക്ക് ആശുപത്രി, ആനക്കൂട്, മിനി സിവിൽ സ്റ്റേഷൻ, ജോയിന്റ് ആർ.ടി ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള പാതയാണിത്. കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള ബൈ റോഡായും ഇത് ഉപയോഗിക്കുന്നു. ചന്ദനപ്പള്ളി, അടൂർ, വള്ളിക്കോട്, പന്തളം പ്രദേശങ്ങളിലേക്ക് പോകുന്നവർ പ്രധാനമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കോന്നിയിൽ നിന്ന് പ്രമാടം, പറക്കടവ് പാലം വഴി പത്തനംതിട്ടയിൽ എത്താനുള്ള എളുപ്പവഴികൂടിയാണിത്.

ദൂരം ‌: 12 കിലോമീറ്റർ

ചെലവ് : 9.75 കോടി

റോഡ് ഉയർത്തുമ്പോൾ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ഉണ്ടാകും. കോന്നിയിലെ തിരക്കുള്ള റോഡാണിത്. ഉയർത്തുന്നതിനൊപ്പം പരമാവധി വീതിയിൽ ടാർ ചെയ്യും. എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കും. പി.എം റോഡ് നിർമ്മാണവും പൂർത്തിയാകുന്നതോടെ കോന്നി സെൻട്രൽ ജംഗ്ഷൻ വികസനവും സാദ്ധ്യമാകും.

കെ.യു. ജനീഷ് കുമാർ എം.എൽ.എ