പന്തളം: പന്തളം നഗരസഭയിലെ വിവാദ ഫയൽ വിജിലൻസ് സംഘത്തിന് കൈമാറി. വീടുവെക്കാൻ രണ്ട് ആനുകൂല്യങ്ങൾ ഒരാൾ കൈപ്പറ്റിയ സംഭവത്തിൽ വിജിലൻസ് സംഘം പന്തളം നഗരസഭാ ഓഫീസിൽ ശനിയാഴ്ച നടത്തിയ റെയ്ഡിൽ കണ്ടെത്താതിരുന്ന ഫയൽ തിങ്കളാഴ്ച രാവിലെ വിജലൻസ് അന്വേഷണസംഘത്തിന് നഗരസഭാ സൂപ്രണ്ട് ആർ.രേഖയാണ് കൈമാറിയത്. ശനിയാഴ്ച ഫയലിനുവേണ്ടി അഞ്ചു മണിക്കൂറോളം നഗരസഭ ഓഫീസിൽ പരിശോധന നടത്തിയെങ്കിലും വിജിലൻസിന് കണ്ടെത്താൻ കഴിയാതിരുന്ന ഫയൽ അന്വേഷണ സംഘം മടങ്ങിയശേഷം മിനിറ്റുകൾക്കകം പ്രത്യക്ഷപ്പെടുകയായിരുന്നു. പിന്നീട് സൂപ്രണ്ട് വിജിലൻസ് സംഘത്തിന് അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ നഗരസഭ ഓഫീസിൽ എത്തിയ വിജലൻസ് സി.ഐ എ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ സൂപ്രണ്ട് ഫയൽ കൈമാറി. പന്തളം പൂഴിയക്കാട് ഉണ്ണി ഭവനിൽ തുളസിയാണ് വീട് വെക്കുന്നതിനായി രണ്ട് ആനുകൂല്യങ്ങൾ കൈപ്പറ്റിയത്. സംസ്ഥാന സർക്കാറിന്റെ കെയർ ഹോം പദ്ധതിയാൽ വീടു ലഭിച്ച തുളിസിക്ക് പി.എം.എ വൈ പ്രധാനമന്ത്രി ഭവനപദ്ധതി ലൈഫ് പദ്ധതിയിലും വീടുനൽകിയത്. കഴിഞ്ഞ എൽ.ഡി.എഫ്.ഭരണ സമിതിയുടെ കാലത്താണ് ഇത് നടന്നത്. അവർ തന്നെയാണ് വിജലൻസിനെ സമീപിച്ചത്. പണം അനുവദിച്ച കുരമ്പാല സർവീസ് സഹകരണ ബാങ്കിലും വിജിലൻസ് ഇന്നലെ പരിശോധന നടത്തി. പണം അനുവദിച്ചതിൽ വീഴ്ച ഉണ്ടയെന്നാണ് പ്രഥമിക വിലയിരുത്തൽ. ഒരു വ്യക്തിക്ക് രണ്ട് ആനുകൂല്യങ്ങൾ നൽകിയതിന് റവന്യു വകുപ്പിനെ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് താലൂക്ക് ഓഫീസിലും പരിശോധന നടത്തുമെന്നും വിജിലൻസ് സി.ഐ അറിയിച്ചു.
സൂപ്രണ്ടിന് ചുമതല
കഴിഞ്ഞ കുറേ നാളുകളായി പന്തളം നഗരസഭ സെക്രട്ടറി അവധിയിൽ പ്രവേശിച്ചതിനാൽ നഗരസഭ സൂപ്രണ്ട് ആർ.രേഖയ്ക്കയാണ് അധിക ചുമതല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സെക്രട്ടറി സേവനം വിരലിലെണ്ണാവുന്ന ദിവസം മാത്രമേ നഗരസഭയ്ക്ക് ലഭിച്ചിട്ടുള്ളു. മിക്ക ദിവസങ്ങളും സൂപ്രണ്ടിനാണ് ചുമതല. ശനിയാഴ്ച വിജിലൻസ് നടത്തിയ പരിശോധനയിൽ ഒപ്പം കൂടിയ സൂപ്രണ്ട് വിജിലൻസ് സംഘം മടങ്ങിയശേഷം ഫയൽ കണ്ടെത്തിയെന്നറിയിച്ചതിലും ദുരൂഹതയുണ്ട്.