arrest
മോൻസി മോഹനൻ

തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്കൂളിൽ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ നടത്തിയ കേസിലെ പ്രതി പിടിയിലായി. നെടുമ്പ്രം തോപ്പിൽ വീട്ടിൽ മോൻസി മോഹനൻ (31) ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു ഇയാൾ സ്കൂളിൽ അതിക്രമം നടത്തിയത്. സ്കൂൾ മുറ്റത്ത് കുട്ടികൾ നട്ടുവളർത്തിയിരുന്ന ഇരുപതോളം പൂച്ചട്ടികളാണ് തല്ലിത്തകർത്തത്. നെടുമ്പ്രത്ത് വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ചില്ലുകളും അന്ന് അടിച്ചു തകർത്തിരുന്നു. പൊടിയാടി ജംഗ്ഷനിലുള്ള കച്ചവട സ്ഥാപനത്തിന് നേരെ ശനിയാഴ്ച രാത്രി ആക്രമണം ഉണ്ടായി. ഇവിടെ നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. സ്കൂളിലടക്കം ആക്രമണം നടത്തിയത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.