 
തിരുവല്ല: ജനകീയ സമരങ്ങളെ പൊലീസിന്റെ കൈയൂക്കുകൊണ്ട് നേരിടാനുള്ള സർക്കാർ ശ്രമം വ്യാമോഹമാണെന്ന് മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി പറഞ്ഞു. തിരുവനന്തപുരം ആലംകോട് നിയമവിരുദ്ധമായി കല്ലിടാനെത്തിയ കെ റയിൽ സംഘത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച സമരക്കാരെ ക്രൂരമായി മർദ്ദിച്ച് കസ്റ്റഡിയിലെടുത്തതിനെതിരെ തിരുവല്ലയിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കെ - റയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച യോഗത്തിൽ കെ.ജി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സമിതി ജനറൽ കൺവീനർ എസ്.രാജീവൻ, കെ.പി.സി.സി അംഗം അനീഷ് വരിക്കണ്ണാമല, ജില്ലാ സമിതിയംഗം എസ്.രാധാമണി, വനിതാ സമിതി കൺവീനർ ശരണ്യരാജ് എന്നിവർ പ്രസംഗിച്ചു.