പത്തനംതിട്ട: വി. കോട്ടയത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുളള ഭിന്നതയെ തുടർന്ന് എസ്.എഫ്.ഐ. മുൻ ജില്ലാ കമ്മിറ്റിയംഗത്തെ അക്രമിച്ച സംഭവത്തിൽ പാർട്ടിതല അന്വേഷണം. സി.പി.എം കോന്നി ഏരിയാ കമ്മിറ്റി ഇതിനായി രണ്ടംഗ കമ്മിഷനെ ചുമതലപ്പെടുത്തി. വള്ളിക്കോട് സ്വദേശിയായ ജിഷ്ണുവിനെ അക്രമിച്ച സംഭവത്തിലാണ് അന്വേഷണം. എസ്.എഫ്.ഐ. മുൻ ജില്ലാ കമ്മിറ്റിയംഗമായിരുന്നു ജിഷ്ണു. പട്ടാപ്പകൽ വാഹനം ഇടിപ്പിച്ച ശേഷമാണ് ജിഷ്ണുവിനെ മുഖംമൂടി സംഘം ആക്രമിച്ചത്. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം കഴിഞ്ഞ ദിവസം ചേർന്ന കോന്നി ഏരിയാ കമ്മിറ്റി യോഗമാണ് അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ. ഗോവിന്ദ്, കെ.എ. ഗോപി എന്നിവരാണ് കമ്മിഷനംഗങ്ങൾ. പ്രമാടം മേഖലയിൽ നിന്നുളള ചില സി.പി.എം അംഗങ്ങളുടെ അറിവും ആസൂത്രണവും അക്രമത്തിനു പിന്നിലുണ്ടെന്ന ആക്ഷേപങ്ങളെ തുടർന്നാണ് പാർട്ടി ഇടപെടൽ.
അക്രമത്തിനിരയായ ജിഷ്ണുവിനെ നേരത്തെ ഡി.വൈ.എഫ്.ഐയിൽ നിന്നും പുറത്താക്കിയിരുന്നു .അടികൊണ്ട് തലയ്ക്കും താടിയെല്ലിനും പരിക്കേറ്റ് ഇയാളുടെ മൂന്ന് പല്ലുകളും പോയിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകയെ ഇയാളുടെ സഹോദരൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. ഇതേതുടർന്ന് പാർട്ടി യുവജന നേതാക്കളിൽ ചിലർ തീരുമാനിച്ച് നടപ്പാക്കിയതാണ് അക്രമമെന്നാണ് ആക്ഷേപം. കേസിലെ ഒന്നാം പ്രതി വളളിക്കോട് സ്വദേശി ആരോമൽ പൊലീസിൽ കീഴടങ്ങി. സംഭവവുമായി ബന്ധമില്ലാത്ത ഒരാൾ പ്രതിയെന്ന് അവകാശപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നതായും സൂചനകളുണ്ട്.