ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിൽ പത്താം വാർഡിൽ ചെങ്ങന്നൂരിലെ സന്നദ്ധ സംഘടനയുടെ പേരിൽ പ്രവർത്തിക്കുന്ന വയോജനകേന്ദ്രത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. 13അന്തേവാസികൾക്കും രണ്ടു ജിവനക്കാർക്കും ഉൾപ്പടെ 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അന്തേവാസികളിൽ ഒരാൾ പനി ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് മൃതദേഹത്തിൽ നിന്നും ശ്രവമെടുത്ത് പരിശോധിച്ചപ്പോൾ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതറിഞ്ഞതോടെ മൃതദേഹം സൂക്ഷിക്കുവാൻ പല ആശുപത്രികളിലും കയറി ഇറങ്ങിയെങ്കിലും പലരും വിസമ്മതിച്ചു. ഒടുവിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണ് സൂക്ഷിച്ചത്. പിന്നീട് പിറ്റേന്ന് ചെറിയനാട് പൊതുശ്മശാനത്തിൽ സംസ്‌കരിക്കുകയും ചെയ്തു. വയോജന കേന്ദ്രത്തിലെ 8 പേരെ ആലപ്പുഴ ജനറൽ ആശുപത്രിയിലും ബാക്കിയുള്ളവരെ മുളക്കുഴയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും പ്രവേശിപ്പിച്ചു. പാണ്ടനാട് കുടുംബ ക്ഷേമ ആരോഗ്യ കേന്ദ്രത്തോട് ചേർന്നാണ് വയോജന കേന്ദ്രം പ്രവർത്തിക്കുന്നത്. ഇത്രയധികം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത് കുടുംബക്ഷേമ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തേയും ആശങ്കയിലാക്കി.