മല്ലപ്പള്ളി : കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്കു ചൂട്ടുവച്ചു. ക്ഷേത്ര ശ്രീകോവിലിൽ നിന്നും മേൽശാന്തി വിശ്വനാഥ് നമ്പൂതിരി പകർന്നു നൽകിയ അഗ്നി കരനാഥൻമാർ ചൂട്ടു കറ്റയിലേക്ക് ആവാഹിച്ചപ്പോൾ ഒരുദേശം ഉണർന്നു. കുളത്തൂർ കരക്കുവേണ്ടി പുത്തൂർ രാധാകൃഷ്ണപ്പണിക്കരും കോട്ടാങ്ങൽ കരക്കുവേണ്ടി കടൂർ രാധാകൃഷ്ണകുറുപ്പുമാണ് ചൂട്ടുവച്ചത്. കരക്കാരുടെയും മുറിക്കാരുടെയും അനുവാദം തേടി , ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് കരനാഥൻമാർ ചൂട്ടുവച്ചത്. എട്ടുപടയണി ചൂട്ടുവയ്പ്പ് എന്ന ചടങ്ങിൽ കൂടിയാണ് ക്ഷേത്രത്തിൽ പടയണിക്കു തുടക്കം കുറിക്കുന്നത്. പടയണി കളത്തിലേക്ക് ദേവിയെ വിളിച്ചിറക്കുന്നു എന്നും വിശ്വാസം ഉണ്ട്.ധനു മാസത്തിലെ ഭരണി മുതൽ മകര മാസത്തിലെ ഭരണി വരെയാണ് പടയണി.അതിൽ മകര ഭരണിക്ക് മുൻപുള്ള എട്ട് ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ പടയണി നടക്കുന്നത്. കുളത്തൂർ - കോട്ടാങ്ങൽ കരക്കാർ മത്സര ബുദ്ധിയോടെ ഒന്നിടവിട്ട ദിവസങ്ങളിൽ, ചിട്ടവട്ടങ്ങൾ പാലിച്ചു, വ്രതശുദ്ധിയോടെ നടത്തുന്ന പടയണി കാണാൻ സ്വദേശത്തു നിന്നും വിദേശത്ത്‌ നിന്നും ധാരാളം ആളുകൾ എത്തുന്ന പതിവുണ്ട് .ഇത്തവണ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നത്. ഇന്ന് ചൂട്ടു വലത്ത്‌ നടക്കും.