
കൊല്ലം: കുടുംബശ്രീയുടെ ഗ്രാമീണ പദ്ധതിയായ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് സ്ത്രീകളുടെ വരുമാന വർദ്ധനയ്ക്ക് വലിയൊരു ഉപാധിയാവുകയാണ്. ജില്ലയിലെ പത്തനാപുരം താലൂക്കിൽ ആരംഭിച്ച പദ്ധതിയിലൂടെ 1875 സംരംഭങ്ങളാണ് തുടക്കമായത്. നാല് വർഷം കൊണ്ട് 2175 സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടമായി വെട്ടിക്കവല ബ്ളോക്കിൽ കൂടി പദ്ധതി വ്യാപിപ്പിക്കും.
പത്തനാപുരത്ത് 3.5 കോടി രൂപയുടെ വായ്പ ഇതിനകം നൽകിക്കഴിഞ്ഞു.പത്തനാപുരം ബ്ളോക്കിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 5.5 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വച്ചിട്ടുളളത്. കുടുംബശ്രീ യൂണിറ്റുകളുടെ ഉല്പന്നങ്ങൾ പ്രാദേശികമായി വിതരണം ചെയ്യാൻ കെ.ബി.ഗണേശ്‌കുമാർ എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വാഹനം അനുവദിട്ടുണ്ട്. എസ്.വി. ഇ.പി സംരംഭമായ സേവിക മൊബൈൽ മാർക്കറ്റ് ആൻഡ് ഹോം ഷോപ്പ് യൂണിറ്റിനാണ് ഈ
വിതരണ വാഹനത്തിന്റെ ചുമതല.
വ്യക്തികൾക്ക് ഒരു ലക്ഷം
ഗ്രൂപ്പിന് അഞ്ച് ലക്ഷം
കുടുംബശ്രീ അംഗത്തിനോ കുടുംബാംഗങ്ങൾക്കോ ലിംഗ വ്യത്യാസമില്ലാതെ സംരംഭങ്ങൾ തുടങ്ങാം. വ്യക്തികൾക്ക് ഒരു ലക്ഷം രൂപയും ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപയും വായ്പ ലഭിക്കും. നാലു ശതമാനമാണ് പലിശ. കൂടുതൽ തുക ആവശ്യമെങ്കിൽ ബാങ്ക് വായ്പയ്ക്ക് കുടുംബശ്രീ സഹായിക്കും.
കാർഷിക,മൃഗസംരക്ഷ മേഖലയിലെ സംരംഭങ്ങളെ ഈ വിഭാഗത്തിൽ പരിഗണിക്കില്ല. ഉല്പാദനം, വ്യാപാരം, സേവനം തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കാം. സ്നാക്സ്, അച്ചാറ്, വാട്ടർ ബോട്ടിൽ നിർമ്മാണം തുടങ്ങിയ യൂണിറ്റുകളാണ് ഇപ്പോൾ അധികവും പ്രവർത്തിക്കുന്നത്. എൻജിനീയറിംഗ്, ബ്യൂട്ടി പാർലർ, ട്യൂഷൻസെന്റർ തുടങ്ങിയവ സേവന മേഖലയിൽ അനുവദിക്കും.
പത്തനാപുരത്ത് പദ്ധതി വിജയകരമായി നടന്നു വരുന്ന സാഹചര്യത്തിൽ വെട്ടിക്കവല ബ്ളോക്കിൽ കൂടി ഈ വർഷം പദ്ധതി നടപ്പാക്കും.
വി. ആർ. അജു,
കുടുംബശ്രീ ജില്ലാ കോ- ഓർഡിനേറ്റർ