കൊല്ലം: പുതുവർഷം വലിയ സ്വപ്നങ്ങളാണ് നൽകുന്നത്. ദേശീയ പാത വികസനം മുതൽ റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ വരെ നിരവധി പദ്ധതികളാണ് പുതുവത്സരത്തിൽ ജില്ലയ്ക്ക് സ്വപ്നം കാണാനുള്ളത്. ഇവയെല്ലാം സമയബന്ധിതമായി പൂർത്തിയായാൽ 2022 അവിസ്‌മരണീയമായ വർഷമാകും. ജില്ലയുടെ മുഖച്ഛായതന്നെ മാറ്റുന്ന ഏഴ് പദ്ധതികളിലാണ് നാട്ടുകാരുടെ പ്രതീക്ഷ.
1. ദേശീയ പാത ആറു വരി
ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതാണ് പുതിയ വർഷം ജില്ലയുടെ പ്രതീക്ഷ. ജനുവരി അവസാനത്തോടെ സ്ഥലമെടുപ്പ് പൂർത്തിയാക്കിയാൽ മാർച്ച് ആദ്യം പാതയുടെ നിർമ്മാണ ജോലികൾ ആരംഭിക്കാം. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം മാറണം. ഇതുവരെ 15 ഹെക്ടർഭൂമി ഏറ്റെടുത്ത് നിർമ്മാണങ്ങൾ പൊളിച്ചു നീക്കി. നീണ്ടകര, ഇത്തിക്കര, ചവറ എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ വരും. ജില്ലയിലെ ഗതാഗതം ഉൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ദേശീയ പാതവികസനം കൊണ്ട് സാധിക്കും.
2. പുനലൂർ - മൂവാറ്റുപുഴ
സംസ്ഥാന പാത
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം ഈ വർഷം മദ്ധ്യത്തോടെ പൂർത്തിയാകും. ജില്ലയുടെ കിഴക്കൻ മേഖലയിലെ ഗതാഗത പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. പൊൻകുന്നം മുതൽ പുനലൂർ വരെ 82.11 കിലോമീറ്റർ ദൂരമാണ് പുനർനിർമ്മിക്കുന്നത്. 737.64 കോടിയാണ് നിർമ്മാണ ചെലവ്.
3.കൊല്ലം പോർട്ടിൽ
എമിഗ്രേഷൻ സൗകര്യം
കൊല്ലത്തിന്റെ ചിരകാല സ്വപ്നമായ പോർട്ടിലെ എമിഗ്രേഷൻ സൗകര്യം പുതിയ വർഷം യാഥാർത്ഥ്യമാകുമോ എന്നത് ജനം ഉറ്റു നോക്കുന്നത്. തുറമുഖ കവാടത്തിൽ 1.52 കോടി ചെലവിൽ ഗേറ്റ് ഹൗസ് സമുച്ചയം നിർമ്മിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. എമിഗ്രേഷൻ സൗകര്യത്തിനായി ആറ് കൗണ്ടറുകൾ നിർമ്മിച്ചുകഴിഞ്ഞു. ഇനി വേണ്ടത് സംസ്ഥാനത്തിന്റെ ഇടപെടലും കേന്ദ്ര സർക്കാരിന്റെ തീരുമാനവുമാണ്.
4. കൊല്ലം- ചെങ്കോട്ട ലൈൻ
വൈദ്യുതീകരണം
കൊല്ലം- പുനലൂർ റെയിൽവേ ലൈൻ വൈദ്യുതീകരണ ജോലികൾ 50 ശതമാനം പൂർത്തിയായി. മാർച്ച് മാസം മുഴുവൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ചെങ്കോട്ട- പുനലൂർ ലൈൻ വൈദ്യുതീകരണ ജോലികൾക്ക് റെയിൽവേ അനുമതി നൽകി. 2023 മാർച്ചിൽ പൂർത്തിയാകും.
5.കൊല്ലം റെൽവേ
സ്റ്റേഷൻ വികസനം
വാണിജ്യ സമുച്ചയവും റെയിൽവേ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടെയുള്ള കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനവും പുതിയ വർഷത്തിന്റെ പ്രതീക്ഷയാണ്. 2023 ഡിസംബറിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കുമെന്നാണ് റെയിൽവേയുടെ ഉറപ്പ്. 40 കോടിയുടെ മെമു ഷെഡ് വികസനവും പുത്തൻ പ്രതീക്ഷയാണ്.
6.തങ്കശ്ശേരി പൈതൃക ഗ്രാമം
തങ്കശേരിയുടെ പൈതൃകം പുനസൃഷ്ടിക്കാൻ 10 കോടിയുടെ പദ്ധതി പണിപ്പുരയിലാണ്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷുകാർ താവളമായിരുന്ന തങ്കശേരിയുടെ പൗരാണികത നിലനിറുത്തി മനോഹരമായ തെരുവാക്കുകയാണ് ലക്ഷ്യം.
7. ശ്രീനാരായണഗുരു
സാംസ്കാരിക സമുച്ചയം
നഗരത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രമാകുന്ന ആശ്രാമത്തെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയ നിർമ്മാണം അവസാനഘട്ടത്തിലാണ്. കരാർ പ്രകാരം മാർച്ചിന് മുമ്പ് ജോലികൾ തീർക്കേണ്ടതുണ്ട്. 57 കോടിയാണ് നിർമ്മാണ ചെലവ്.