photo
കോട്ടാത്തല മൂഴിക്കോട് ചിറ

കൊല്ലം: ഒരുവർഷം കൂടി കടന്നുപോയിട്ടും മൂഴിക്കോട് ചിറയ്ക്ക് ശാപമോക്ഷമായില്ല. കൊട്ടാരക്കര - പുത്തൂർ റോഡരികിലുള്ള കോട്ടാത്തല മൂഴിക്കോട് ചിറ നാശത്തിലേക്ക് കൂപ്പുകുത്തുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. ചിറയിൽ സ്ഥാപിച്ചിരുന്ന പമ്പ് ഹൗസ് അടുത്തിടെ തകർന്ന് വെള്ളത്തിൽ വീഴുകയും ചെയ്തു. ഏറെക്കാലമായി പമ്പ് ഹൗസ് ഉപയോഗശൂന്യമായ നിലയിലായിരുന്നു. ചുറ്റും കമ്പിവേലി സ്ഥാപിച്ചതിൽ കുറ്റിക്കാടും വള്ളിപ്പടർപ്പും മൂടി.

ചിറയിലെവെള്ളം തീർത്തും ഉപയോഗശൂന്യമാണ്. വരുന്ന വേനൽക്കാലത്തും ഇവിടുത്തെ വെള്ളം ഉപയോഗിക്കാൻ കഴിയില്ല. 2020 ഡിസംബർ 31ന് 'മൂഴിക്കോട് ചിറയുടെ ശാപം തീരുന്നില്ല' എന്ന തലക്കെട്ടിൽ കേരളകൗമുദി ചിറയുടെ ദുരിതാവസ്ഥയെപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അടുത്തദിവസം കോട്ടാത്തല കോട്ടവിള വീട്ടിൽ രാജേഷ് (37) ചിറ വൃത്തിയാക്കാനായി ഒറ്റയ്ക്ക് പരിശ്രമം തുടങ്ങി. ഇത് വലിയ വാർത്താപ്രാധാന്യം നേടിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. അടിയന്തരമായി ചിറ വൃത്തിയാക്കാൻ മൈലം ഗ്രാമ പഞ്ചായത്തും ജനപ്രതിനിധികളും മുൻകൈയെടുത്താൽ നാടിന്റെ ജലക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാകും.

പാഴാകുന്ന പദ്ധതികൾ

കൊട്ടാരക്കര - പുത്തൂർ റോഡരികിലെ ചിറയിൽ നിരവധി വാഹനങ്ങൾ മറിഞ്ഞിട്ടുണ്ട്. ആത്മഹത്യകളും ഏറെയുണ്ടായി. തുടർന്നാണ് നാലാൾ പൊക്കത്തിൽ കമ്പിവേലിനിർമ്മിച്ചത്. ഇപ്പോൾ വേലി മുഴുവൻ കാട് മൂടിക്കിടക്കുകയാണ്. ചിറയിലെ ജലത്തെ ആശ്രയിച്ച് വേനൽക്കാല കൃഷി നടത്തിയിരുന്ന ഏലായാണ് ഇതിനടുത്തുള്ളത്. മഴക്കാലത്തും വേനൽക്കാലത്തും ചിറയിലെ വെള്ളം റോഡിന്റെ അടിയിലൂടെ നിർമ്മിച്ച കനാൽ വഴി ഏലായിലേക്ക് തുറന്നുവിടാറുണ്ടായിരുന്നു. വേനൽക്കാലത്ത് ജലമൊഴുക്ക് കാര്യമായി നടക്കാതെ വന്നപ്പോഴാണ് പമ്പുസ്ഥാപിച്ച് വെള്ളം ഒഴുക്കാൻ തീരുമാനിച്ചത്. ഗാർഹിക ആവശ്യങ്ങൾക്കും ഇതുവഴി വെള്ളമെടുക്കാമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാൽ പദ്ധതികളെല്ലാം വെറുതെയായി.

എലിപ്പത്തായത്തിലെ കുളം!

വിഖ്യാത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വർഷങ്ങൾക്ക് മുൻപ് സംവിധാനം ചെയ്ത എലിപ്പത്തായമെന്ന സിനിമയിൽ ഈ ചിറ ഇടം നേടിയിട്ടുണ്ട്. വേനൽക്കാലത്തും ചിറയിലെ വെള്ളം വറ്റാറില്ല. മുമ്പ് പ്രദേശവാസികൾ തുണി അലക്കാനും കുളിക്കാനും ചിറയെയാണ് ആശ്രയിച്ചിരുന്നത്. ഇടക്കാലത്ത് വൃത്തിയാക്കിയപ്പോൾ നീന്തൽ കുളമായും മാറിയിരുന്നു. എന്നാൽ കൃത്യമായ സംരക്ഷണ പദ്ധതികളുണ്ടാവാത്തതിനാലാണ് ചിറ ഓരോ വർഷവും നാശത്തിലേക്ക് കൂപ്പുകുത്തിയത്.