 
പുനലൂർ: കായികപ്രേമികൾക്കായി ചെമ്മന്തൂരിൽ നിർമ്മിക്കുന്ന ഇൻഡോർ സ്റ്റേഡിയം ജൂണിൽ നാടിന് സമർപ്പിക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. ഇത് കണക്കിലെടുത്ത് നിർമ്മാണ പ്രവർത്തനം അടിയന്തരമായി പൂർത്തിയാക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്റ്റേഡിയത്തിന്റെ നിർമ്മാണ ജോലികൾ വിലയിരുത്താൻ പുനലൂർ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകിയത്. കിഫ്ബിയിൽ നിന്ന് അനുവദിച്ച ആറുകോടി രൂപ ചെലവഴിച്ചാണ് ഇൻഡോർ സ്റ്റേഡിയം പണിയുന്നത്. നിലവിൽ 85 ശതമാനത്തോളം പണി പൂർത്തികരിച്ചിട്ടുണ്ട്. ശേഷിക്കുന്ന പണി ജൂണിന് മുമ്പ് തീർക്കും. ബാസ്കറ്റ് ബാൾ കോർട്ടിനുളള വുടൻ ഫ്ലോറിംഗ് ആണ് ഇനി പൂർത്തിയാക്കാനുളളത്. ഇതിനാവശ്യമായ വുടൻ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടവയാണ്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് നിർമ്മാണ ജോലികൾ പൂർത്തികരിക്കാൻ കഴിയും. കിറ്റ്കോയ്ക്കാണ് നിർമ്മാണ ചുമതല. നഗരസഭയിലെ ലൈഫ് പാർപ്പിട പദ്ധതിയുടെ നിർമ്മാണ ജോലികൾ ഉടൻ പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി. തുടർന്ന് പ്ലാച്ചേരിയിൽ നിർമ്മാണം പൂർത്തിയായിവരുന്ന പദ്ധതി പ്രദേശവും എം.എൽ.എയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ സന്ദർശിച്ചു. നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി. ദിനേശൻ, വസന്തരഞ്ചൻ, കെ. പുഷ്പലത, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് ബൈജു, ഉദ്യോഗസ്ഥരായ സജൂയ, അശ്വതി തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.