cpm

കൊല്ലം: സി.പി.എം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. കൊട്ടാരക്കര വാളകം പ്രതീക്ഷാ കൺവൻഷൻ സെന്ററിൽ രണ്ട് ദിനങ്ങളിലായി നടന്ന ചൂടേറിയ ചർച്ചകൾക്കൊടുവിൽ സമ്മേളനം ഇന്ന് സമാപിക്കും. 42 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 242 പ്രതിനിധികളും ഉപരി കമ്മിറ്റിയിലെ നേതാക്കളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയുടെ ഉദ്ഘാടന പ്രസംഗത്തെയും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിനെയും മുൻനിർത്തിയുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. ആദ്യ ദിനത്തിൽ 15 പേർ ചർച്ചയിൽ പങ്കെടുത്തു. ഇന്നലെ രാവിലെ ഒൻപതരയോടെ സമ്മേളനം പുനരാരംഭിച്ചപ്പോഴും ചർച്ചകൾക്കാണ് മുൻതൂക്കം നൽകിയത്. 18 ഏരിയ കമ്മിറ്റികളിൽ നിന്നായി 47 പ്രതിനിധികൾ ആകെ ചർച്ചയിൽ പങ്കെടുത്തു. ഇതിൽ ഏഴ് വനിതകളും ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ ഭരണത്തിന്റെ നേട്ടവും കോട്ടവും പാർട്ടിയുടെ ജില്ലാ-സംസ്ഥാന തലങ്ങളിലെ വിഷയങ്ങളും തിരഞ്ഞെടുപ്പ് പരാജയങ്ങളും പാർട്ടിയെടുത്ത നടപടികളുമെല്ലാം പ്രതിനിധികൾ ചർച്ചയ്ക്ക് വിഷയമാക്കി. ചർച്ചയ്ക്കുള്ള മറുപടി നൽകുന്നതിന് മുമ്പായി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നു. തുടർന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവൻ ചർച്ചകൾക്ക് മറുപടി നൽകി. മൂന്ന് പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടി. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ.ടി.എം.തോമസ് ഐസക്, മന്ത്രി എം.വി.ഗോവിന്ദൻ, പി.കെ.ശ്രീമതി, വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം.എം.മണി, മന്ത്രി കെ.എൻ.ബാലഗോപാൽ, കെ.ജെ.തോമസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ആദ്യദിനത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉണ്ടായിരുന്നില്ല. വലിയ വിവാദങ്ങളും കോലാഹലങ്ങളുമില്ലാതെ ചർച്ചയും മറുപടിയും അവസാനിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് നേതൃത്വവും.

ഇന്ന് രാവിലെ 11മണിയോടെ പ്രതിനിധി സമ്മേളനം മൂന്നാം ദിനത്തിലേക്ക് കടക്കും. അഭിവാദ്യ പ്രസംഗങ്ങൾക്ക് ശേഷം ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് നടക്കും. വൈകിട്ട് 3ന് പ്രതിനിധി സമ്മേളനം സമാപിക്കും. തുടർന്ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലെ ഇ.കാസിം നഗറിൽ പൊതുസമ്മേളനം ചേരും. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ പ്രകടനം ഒഴിവാക്കിയിട്ടുണ്ടെങ്കിലും പൊതുസമ്മേളന നഗരിയിൽ ആളെണ്ണം കൂടുമെന്നാണ് വിലയിരുത്തൽ.

എസ്.സുദേവൻ

തുടരാൻ സാദ്ധ്യത

നാൽപ്പത്തിയഞ്ച് അംഗ ജില്ലാ കമ്മിറ്റിയിൽ നിന്ന് മൂന്നുപേരെ ഒഴിവാക്കിയിരുന്നു. പുതിയ കമ്മിറ്റിയുടെ എണ്ണം 46 ആയി ഉയർത്തും. ഇതിൽ പത്ത് ശതമാനം വനിതകളെ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രതിനിധികളും ഉണ്ടാകും. ജില്ലാ സെക്രട്ടറിയായി എസ്.സുദേവൻ തുടർന്നേക്കുമെങ്കിലും പുതിയ ജില്ലാ കമ്മിറ്റിയിൽ കാതലായ മാറ്റമുണ്ടാകുമെന്നാണ് അറിയുന്നത്.