 
കരുനാഗപ്പള്ളി: പള്ളിക്കൽ തോട് മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലെത്തിയിട്ടും വൃത്തിയാക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ. തോട്ടിലെ മലിന ജലത്തിൽ നിന്നുള്ള ദുർഗന്ധവും കൊതുകുകളുടെ ശല്യവും വർഷങ്ങളായി സഹിക്കുകയാണ് പള്ളിക്കൽ തോടിന്റെ വശങ്ങളിൽ താമസിക്കുന്നവർ. പള്ളിക്കൽ പാടശേഖരത്തിൽ നിന്ന് ആരംഭിക്കുന്ന തോട് തോണ്ടത്ര പാടം വഴി ടി.എസ് കനാലിലാണ് പതിക്കുന്നത്. തോട് അവസാനിക്കുന്നിടത്ത് വീതി കുറവായതിനാൽ വെള്ളം കെട്ടി നിൽക്കുന്നതാണ് പ്രശ്നത്തിന് കാരണം. ജലമൊഴുക്ക് നിലച്ചതിനെ തുടർന്ന് മലിനമായ വെള്ളത്തിൽ നിന്ന് പുറപ്പെടുന്ന ദുർഗന്ധമാണ് താമസക്കാരെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. തോടിന്റെ വശങ്ങളിലുള്ള വീടുകളിലെ മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും ഇടക്കിടെ പനി പിടിപെടുന്നുണ്ട്. മൂന്നാം തഴത്തോടിന് പടിഞ്ഞാറു ഭാഗത്തു നിന്നുള്ള മഴവെള്ളം പൂർണമായും ഒഴുകി ടി.എസ് കനാലിൽ എത്തിയിരുന്നത് ഈ തോട് മാർഗമായിരുന്നു. മുൻകാലങ്ങളിൽ തോട്ടിലേക്ക് വെള്ളം ഒഴുകിയിരുന്ന നീർച്ചാലുകളും നിലവിൽ കൈയേറ്രത്തിന് വിധേയമാണ്.
വില്ലനായി പ്ലാസ്റ്റിക്
തോടിന്റെ മിക്ക ഭാഗങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുകയാണ്. മുൻ വർഷങ്ങളിൽ നഗരസഭ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തോട് വൃത്തിയാക്കുമായിരുന്നു. എന്നാൽ ഇക്കുറി അതുമുണ്ടായില്ല. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ ഇടക്കിടെ എത്തി തോട്ടിൽ ക്ലോറിനേഷൻ നടത്താറുണ്ടായിരുന്നു. കൊവിഡ് കാലയളവിന് ശേഷം അതും നിന്നു. ഇതോടെ തോട്ടിന് വശങ്ങളിലുള്ളവരുടെ ജീവിതം ദുരിതപൂർണമായി.
മൂന്ന് മീറ്റർ വീതി മാത്രം
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തോടാണിത്. പള്ളിക്കൽ പാടത്തെയും തോണ്ടത്ര പാടത്തെയും കാർഷിക ആവശ്യങ്ങൾക്കായി നിർമ്മിച്ചതാണ് തോട്. മൂന്ന് മീറ്റർ വീതിയാണ് അന്നും ഇന്നും തോടിനുള്ളത്. തോടിന്റെ വശങ്ങൾ പൂർണമായും മൈനർ ഇറിഗേഷൻ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. തോട്ടിൽ കെട്ടി നിൽക്കുന്ന ജലം ഒഴുകിപ്പോകാനുള്ള സംവിധാനം ഉണ്ടായാൽ ഇവിടത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. തോട് അവസാനിക്കുന്ന ഭാഗത്തുള്ള തടസം നീക്കാനുള്ള ശ്രമം നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.