
കൊല്ലം: കടയ്ക്കലിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണം ലതാമന്ദിരത്തിൽ ജിൻസിയാണ് (27) കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് ബൈക്കിൽ രക്ഷപ്പെട്ട ഭർത്താവ് ദീപു (30) പിന്നീട് കടയ്ക്കൽ പൊലീസിനു കീഴടങ്ങി. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒരുമാസമായി ഇരുവരും സ്വന്തം വീടുകളിൽ കഴിയുകയായിരുന്നു.
വൈകിട്ടോടെ വീടിന് മുന്നിലെത്തിയ ദീപു, ജിൻസിയെ വിളിച്ചിറക്കി വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ ഏഴുവയസുകാരൻ മകൻ ധീരജിനെ എടുത്തെറിയുകയും ചെയ്തു.
വീടിന് കുറച്ചകലെയുള്ള കടയിലെത്തി മകൻ വിവരം അറിയിച്ചതോടെ നാട്ടുകാർ ഓടിയെത്തി ജിൻസിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയിലുൾപ്പെടെ 25 ഓളം വെട്ടുകളേറ്റു. പാരിപ്പള്ളിയിലെ സ്വകാര്യ കശുഅണ്ടി ഫാക്ടറിയിലെ സൂപ്പർവൈസറായിരുന്നു ജിൻസി. രണ്ടുകുട്ടികളുള്ള ദമ്പതികളിൽ ഒരാൾ ദീപുവിനും മറ്റൊരാൾ ജിൻസിക്കൊപ്പവുമാണ് കഴിഞ്ഞിരുന്നത്. മക്കൾ: ധീരജ്, ദിയ. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കടയ്ക്കൽ പൊലീസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.