കൊല്ലം: മദ്റസ പഠനത്തിനായി പോയ പതിനൊന്നുകാരനെ തടഞ്ഞുനിറുത്തി കത്തികൊണ്ട് കുത്തി കഴുത്തിലും നെഞ്ചിലും പരിക്കേൽപ്പിച്ച യുവാവ് കോടതിയിലെത്തി കീഴടങ്ങി. ചവറ മുകുന്ദപുരം വട്ടത്തറ ചായക്കാരന്റയ്യത്ത് മുഹമ്മദ് ഷഹനാസാണ് (22) കീഴടങ്ങിയത്. ഡിസംബർ 9ന് രാവിലെ കൊട്ടുകാട് സ്‌കൂളിന് മുമ്പിൽ വച്ചായിരുന്നു സംഭവം. കുട്ടി പിന്നീട് ഓടിരക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ബംഗളരൂവിലും മുംബയിലുമായി ഒളിവിൽ കഴിയുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് ചവറ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീന്റെ നിർദ്ദേശത്തിൽ എസ്.ഐ സുകേഷ്, സി.പി.ഒമാരായ അനു, അനിൽ എന്നിവർ മുബൈയിലെത്തി. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കി നാട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും പിടിയിലാകുമെന്നുറപ്പായതോടെ ബന്ധുവിന്റെ സഹായത്തോടെ കരുനാഗപ്പള്ളി കോടതിയിൽ കീഴടങ്ങുകയായിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.