
ഒത്തുതീർപ്പിന് ഇടങ്കോലിട്ട് സമരത്തിലേക്ക്
കൊല്ലം: കശുഅണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ബാദ്ധ്യതകളിൽ ഒറ്റത്തവണ തീർപ്പാക്കൽ ഫോർമുല സർക്കാർ പ്രഖ്യാപിച്ചെങ്കിലും അവ അംഗീകരിക്കാൻ തയ്യാറല്ലെന്ന സൂചനയുമായി വ്യവസായികൾ. സ്വകാര്യമേഖലയിലുള്ള മിക്ക ഫാക്ടറികളും ജപ്തി ഭീഷണിയിലായിട്ടും ഒത്തുതീർപ്പ് വ്യവസ്ഥയ്‌ക്കോ ഒറ്റത്തവണ തീർപ്പാക്കലിനോ താത്പര്യമില്ലാതെ സമര പരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഇന്നലെ നടന്ന സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റിയുടെ (എസ്.എൽ.ബി.സി) തീരുമാനപ്രകാരം, 10 കോടി വരെ വായ്പയെടുത്തവരുടെ പലിശ പൂർണമായും എഴുതിത്തള്ളും. 2 കോടി വരെ മാത്രം വായ്പയുള്ളവർ മുതലിന്റെ 50 ശതമാനവും അതിനു മുകളിലുള്ളവർ 60 ശതമാനവും തിരിച്ചടച്ചാൽ മതിയെന്നും തീരുമാനമുണ്ടായി.
2020 മാർച്ച് 31 വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകൾക്കാണ് ഇളവ് ലഭിക്കുക. ഫെബ്രുവരി 28നുള്ളിൽ ആദ്യ ഗഡുവായി പത്ത് ശതമാനം തുക അടയ്ക്കണം. ശേഷം ഒരു വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും. എന്നാൽ ഈ തുക അടയ്ക്കാൻ കഴിയില്ലെന്നും ഒരു ശതമാനം തുക ആദ്യഗഡുവായി അടയ്ക്കാമെന്നുമാണ് വ്യവസായികളുടെ നിലപാട്. പലിശ ഒഴിവാക്കുന്നതിലൂടെയും ഒറ്റത്തവണ തീർപ്പാക്കൽ നടപ്പിലാക്കുന്നതിലൂടെയും 500 കോടിയിലധികം രൂപയാണ് എഴുതിത്തള്ളേണ്ടിവരുന്നത്.
ആനുകൂല്യം ഇത്ര പോരേ!
 10 കോടി രൂപ വരെ വായ്പയെടുത്തവരുടെ പലിശ പൂർണമായി എഴുതിത്തള്ളും
 2 കോടി രൂപ വായ്പയെടുത്തവർക്ക് 50 ശതമാനം തുക തിരിച്ചടച്ച് ബാദ്ധ്യത തീർക്കാം
 എഴുതിത്തള്ളേണ്ടി വരുന്നത് 500 കോടിയോളം രൂപ
 ഫാക്ടറിയോടൊപ്പം വ്യാപാരവും നടത്തിയിരുന്ന വ്യവസായികൾ കൂടി ആനുകൂല്യപരിധിയിൽ
പുനരുദ്ധാരണ പാക്കേജ്
കടക്കെണിയിലായ സ്വകാര്യ കശുഅണ്ടി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ പാക്കേജ് തയ്യാറാക്കാനുള്ള നടപടികൾക്ക് 2019 ലാണ് സർക്കാർ തുടക്കം കുറിച്ചത്. 2020 മാർച്ച് 2ന് മുഖ്യമന്ത്റി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഫോർമുല രൂപപ്പെടുത്തതാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കൺവീനർ, സർക്കാർ പ്രതിനിധി, വ്യവസായികളുടെ പ്രതിനിധി എന്നിവരുൾപ്പെട്ട മൂന്നംഗസമിതിയെ സർക്കാർ നിയോഗിക്കുകയും ചെയ്തു. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷം മുഖ്യമന്ത്റിയുടെ നിർദ്ദേശ പ്രകാരം വ്യവസായ മന്ത്റി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ ആറ് തവണയും മന്ത്റി കെ.എൻ. ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിൽ ഒരു തവണയും സമിതി യോഗം ചേർന്നു. ബാങ്കുകളും വ്യവസായികളും മുന്നോട്ടു വച്ച ഫോർമുലകളിൽ ഇരുകൂട്ടരും യോജിപ്പിലെത്താനായി പലതരത്തിലുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയം കണ്ടില്ല.