കൊല്ലം : കെ.സി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന എൻ.പരമേശ്വരൻ കൈവയ്ക്കാത്ത മേഖലകളില്ലായിരുന്നുവെന്ന് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ അഭിപ്രായപ്പെട്ടു. കൊല്ലത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു കെ.സിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ആരംഭിച്ച കെ.സി (എൻ. പരമേശ്വരൻ) സ്‌മാരക ലൈബ്രറിയുടെ ഉദ്ഘാടന നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്തെ കന്റോൺമെന്റ് മൈതാനം, പോർട്ട്, പള്ളിത്തോട്ടം പാലം തുടങ്ങിയവ നിലനിർത്തുന്നതിനായി കെ.സി വഹിച്ച പങ്ക് അനുസ്മരണീയമാണ്. ഔദ്യോഗിക കാലത്ത് അദ്ദേഹം രചിച്ച വനസ്മരണകൾ, വനയക്ഷിയുടെ ബലി മൃഗങ്ങൾ എന്നീ കൃതികൾ ശ്രദ്ധേയമാണ്. വനസ്മരണകൾ വിദ്യാത്ഥികൾക്ക് ഉപപാഠ പുസ്തകമായിരുന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു. ലൈബ്രറിയുടെ പ്രസിഡന്റ് പി.രഘുനാഥൻ, സെക്രട്ടറി ലത്തീഫ് മാമൂട്. അഡ്വ.എ. രാജീവ്, എ. ആർ.സവാദ്, കൗൺസിലർ സജീവ് സോമൻ, എസ്. മനോജ്, അഡ്വ. വിനിത വിൻസന്റ്, സേവിയർ ജോസഫ്, ആശ്രാമം ഒാമനകുട്ടൻ എന്നിവർ സംസാരിച്ചു.